കലാഭവന്‍ മണിയുടെ മരണം; സി.ബി.ഐ. അന്വേഷണം നീണ്ടുപോകാതിരിക്കുന്നതിന് സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണം : സുധീരന്‍

202

ചലച്ചിത്രതാരം കലാഭവന്‍ മണിയുടെ ദുരൂഹസാഹചര്യത്തിലുള്ള മരണം സംബന്ധിച്ച് പ്രഖ്യാപിക്കപ്പെട്ട സി.ബി.ഐ. അന്വേഷണം ഇനിയും നീണ്ടുപോകാതിരിക്കുന്നതിന് സര്‍ക്കാര്‍ അടിയന്തിരനടപടി സ്വീകരിക്കണമെന്ന് കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന്‍ പറഞ്ഞു. സി.ബി.ഐ. അന്വേഷണം വേഗത്തിലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് മണിയുടെ കുടുംബാംഗങ്ങള്‍ സഹോദരന്‍ ആര്‍.എല്‍.വി. രാമകൃഷ്ണന്റെ നേതൃത്വത്തില്‍ നടത്തുന്ന നിരാഹാര സമരത്തിന് കോണ്‍ഗ്രസിന്റെ പൂര്‍ണപിന്തുണയുണ്ടെന്നും സുധീരന്‍ പറഞ്ഞു. സംസ്ഥാന ബജറ്റ് ചോര്‍ന്ന സംഭവം കേരളത്തിന് തന്നെ നാണക്കേടാണ്. ഉദ്യോഗസ്ഥരെ ബലിയാടാക്കി ധാര്‍മ്മിക ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞ് മാറുന്നത് സര്‍ക്കാരിന് ഭൂഷണമല്ല. നിയമസഭയെ ആകെ ബാധിക്കുന്ന കാര്യമാണ്. സഭാനാഥനായ സ്പീക്കറും സഭാനേതാവായ മുഖ്യമന്ത്രിയും കൂടുതല്‍ ഗൗരവത്തോടെ ഇക്കാര്യം കൈകാര്യം ചെയ്യേണ്ടതായിരുന്നു. തൊടുന്യായങ്ങള്‍ പറഞ്ഞ് ഒഴിഞ്ഞ് മാറാതെ ബജറ്റ് ചോര്‍ച്ചയുടെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് ധനകാര്യമന്ത്രി രാജിവയ്ക്കുന്നതാണ് ഉചിതമെന്നും സുധീരന്‍ പറഞ്ഞു.

NO COMMENTS

LEAVE A REPLY