കെ.ബാബുവിനെതിരെ നടന്ന വിജിലന്‍സ് അന്വേഷണം പകപോക്കല്‍ രാഷ്ട്രീയത്തിന്റെ ഭാഗമായിരുന്നുവെന്ന് വി.എം സുധീരന്‍

192

തിരുവനന്തപുരം: മുന്‍ എക്സൈസ് മന്ത്രി കെ.ബാബുവിനെതിരെ നടന്ന വിജിലന്‍സ് അന്വേഷണം പകപോക്കല്‍ രാഷ്ട്രീയത്തിന്റെ ഭാഗമായിരുന്നുവെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍. ഇത്രനാളും അന്വേഷണം നടത്തിയിട്ടും ജനങ്ങളെ ബോധിപ്പിക്കാവുന്ന ഒരു തരത്തിലുള്ള തെളിവുപോലും കൊണ്ടുവരാന്‍ കഴിഞ്ഞിട്ടില്ല.
വിജിലന്‍സ് അന്വേഷണത്തെ കുറിച്ച്‌ കുറച്ചുകൂടി കൃത്യത വരട്ടെയെന്നുള്ളത് കൊണ്ടാണ് ഇത്രനാളും ഈ വിഷയത്തില്‍ പ്രതികരിക്കാതിരുന്നതെന്നും വി.എം സുധീരന്‍ പറഞ്ഞു. ഞയറാഴ്ച രാവിലെ അവസാനിച്ച കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗത്തിന് ശേഷം നടന്ന വാര്‍ത്താസസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബാബുവിനെതിരെ നടക്കുന്ന പകപോക്കല്‍ രാഷ്ട്രീയത്തിനെതിരെ കോണ്‍ഗ്രസ് ഒറ്റക്കെട്ടായി നേരിടും. ഇതില്‍ കോണ്‍ഗ്രസില്‍ യാതൊരു അഭിപ്രായ വ്യത്യാസവുമില്ലെന്നും സുധീരന്‍ പറഞ്ഞു. കെ.ബാബുവിനെതിരെ വിജിലന്‍സ് അന്വേഷണം വന്നപ്പോള്‍ ഇതുവരെ ഒഴിഞ്ഞ് മാറിയത് എന്ത്കൊണ്ടായിരുന്നുവെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയവെയാണ് സുധീരന്‍ ഇങ്ങനെ പറഞ്ഞത്.
ബി.ജെ.പി കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണം നടത്താന്‍ ശ്രമിക്കുകയാണ്. അക്രമ രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിച്ച്‌ കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാരിന്റെ അതേ പാതയിലാണ് ഇപ്പോള്‍ ഇടതുമുന്നണി സര്‍ക്കാരും മുന്നോട്ട് പോവുന്നത്. കേരളത്തില്‍ ബി.ജെ.പി അധികാരത്തില്‍ വരുമെന്ന അമിത്ഷാ യുടെ പ്രഖ്യാപനം മലര്‍പ്പൊടിക്കാരന്റെ സ്വപ്നം മാത്രമാണെന്നും സുധീരന്‍ പറഞ്ഞു.
കേരളത്തില്‍ സി.പി.എം നടത്തുന്ന അക്രമ രാഷ്ട്രീയത്തിനെതിരെ ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ഒക്ടോബര്‍ രണ്ട് മുതല്‍ നവംബര്‍ 19 വരെ സേവ് നേഷന്‍ സേവ് പീപ്പിള്‍ എന്ന മുദ്രാവാക്യമുയര്‍ത്തി ബോധവല്‍ക്കരണ പരിപാടി നടത്തുമെന്നും സുധീരന്‍ അറിയിച്ചു.

NO COMMENTS

LEAVE A REPLY