ഷുഹൈബിന്റെ കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന ഹൈക്കോടതി വിധി നിയമവാഴ്ചയിൽ ജനങ്ങൾക്കുള്ള വിശ്വാസം ആവർത്തിച്ച് ഉറപ്പിക്കുന്നതാണെന്ന് വി.എം. സുധീരന്‍. അധികാരത്തിന്റെ തണലിൽ രാഷ്ട്രീയമായി ഇഷ്ടമില്ലാത്തവരെ കൊന്നൊടുക്കുന്ന സിപിഎം ശൈലിയെ നിയമസഭക്കകത്തും പുറത്തും ന്യായീകരിച്ച് വരുന്ന മുഖ്യമന്ത്രിക്കേറ്റ കനത്ത പ്രഹരമാണ് ഈ വിധിയെന്നും അദ്ധേഹം പറഞ്ഞു. ജനങ്ങളുടെ ജീവനെടുക്കുന്ന കൊലയാളികൾക്കും അവരെ അതിന് നിയോഗിക്കുന്നവർക്കും കൊലയ്ക്കു പിന്നിലെ ഗൂഢാലോചന നടത്തുന്നവർക്കും മുഖ്യമന്ത്രി തന്നെ സംരക്ഷണം നൽകുന്ന ദുസ്ഥിതിയെയാണ് ഈ വിധിയിലൂടെ ഹൈക്കോടതി ചോദ്യം ചെയ്യുന്നതെന്നും സുധീരന്‍ പറഞ്ഞു.
നിയമവാഴ്ചയെ തന്നെ വെല്ലുവിളിക്കുന്ന നിലപാട് നിയമസഭയിലും പുറത്തും സ്വീകരിച്ചു വരുന്ന പിണറായി വിജയന് മുഖ്യമന്ത്രി സ്ഥാനത്ത് തുടരാനുള്ള അർഹത ഇതോടെ നഷ്ടപ്പെട്ടിരിക്കുകയാണ്. പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചൊഴിയണം. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങൾക്ക് അന്ത്യം കുറിയ്ക്കുന്നതിനും അക്രമങ്ങൾക്കും കൊലയ്ക്കും പിന്നിലുള്ള മുഴുവൻ ആസൂത്രകരെയും നിയമത്തിന്റെ പിടിയിൽ കൊണ്ടുവരുന്നതിനും തുടക്കം കുറിക്കാൻ ഹൈക്കോടതിയുടെ ഈ സുപ്രധാനവിധി ഇടവരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു.