ശശി തരൂർ എം.പി.യുടെ ഓഫീസിന് നേരെ യുവമോർച്ച പ്രവർത്തകർ നടത്തിയ അതിക്രമങ്ങൾ അങ്ങേയറ്റം അപലപനീയവും പ്രതിഷേധാർഹവുമാണെന് വി എം സുധീരൻ. അഭിപ്രായ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നാക്രമണമാണിത്. സ്വന്തം നിലപാട് പ്രകടിപ്പിച്ചതിൻ്റെ പേരിൽ ഒരു പാർലമെൻ്റ് അംഗത്തിനും അദ്ദേഹത്തിൻ്റെ ഓഫീസിനും നേരെയുള്ള ഈ അതിക്രമം സംഘപരിവാറിൻ്റെ ഫാസിസ്റ്റ് ശൈലിയാണ് പ്രകടമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മോഡിഭരണത്തിൻ കീഴിൽ രാജ്യത്ത് വളർന്നു വരുന്ന അസഹിഷ്ണുത അതിൻ്റെ പാരമ്യത്തിലെത്തിയിരിക്കുന്നു എന്നുള്ളതാണ് ഈ അക്രമത്തിലൂടെ വ്യക്തമാകുന്നത്. ഇത്തരം ഹീനശ്രമങ്ങൾ കൊണ്ട് ജനാധിപത്യ മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നവരെ നിശബ്ദരാക്കാമെന്ന് സംഘപരിവാർ സംഘടനകൾ വ്യാമോഹിക്കേണ്ടെന്നും സുധീരൻ കൂട്ടിച്ചേർത്തു.