ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം നടത്തിവരുന്ന അട്ടപ്പാടി ആദിവാസി സമഗ്രപദ്ധതി അട്ടിമറിക്കാനുള്ള സംഘടിത നീക്കം തടയണം ; മുഖ്യമന്ത്രിക്ക് വി.എം.സുധീരൻ്റെ കത്ത്

191

തിരുവനന്തപുരം : ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം നടത്തിവരുന്ന അട്ടപ്പാടി ആദിവാസി സമഗ്രപദ്ധതി അട്ടിമറിക്കാനുള്ള സംഘടിത നീക്കം തടയണമെന്നാവശ്യപ്പെട്ട് വി.എം. സുധീരൻ മുഖ്യമന്ത്രിക്ക് കത്തയച്ചു.

കത്തിന്റെ പൂർണ്ണ രൂപം :

അട്ടപ്പാടിയിലെ ആദിവാസി സ്ത്രീ സംഘടനയായ തായ്കുല സംഘത്തിൻറെ സെക്രട്ടറി ശ്രീമതി മരുതി മാരിയുടെ അപേക്ഷ അടിയന്തിര നടപടിക്കായി ഇതോടൊപ്പം അയക്കുന്നു.

2012-2013 വർഷത്തിൽ അട്ടപ്പാടിയിൽ ഉണ്ടായ വ്യാപകമായ ശിശുമരണങ്ങളെ തുടർന്ന് ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം (എൻ. ആർ. എൽ. എം) കുടുംബശ്രീ മിഷൻ വഴി നടത്തിവരുന്ന അട്ടപ്പാടി ആദിവാസി സമഗ്രപദ്ധതി അട്ടിമറിക്കാനുള്ള സംഘടിത നീക്കം ആശങ്കാജനകമാണ്.

ഏറ്റവും ദാരിദ്ര്യവും ദുരിതവും അനുഭവിച്ചു വരുന്ന ആദിവാസി സ്ത്രീകളുടെയും സ്ഥാപനങ്ങളുടെയും വളർച്ചയിൽ ഊന്നൽ നൽകിയിട്ടുള്ള പ്രവർത്തനം നടത്തിവരുന്ന ഈ പദ്ധതി ഗുണപരമായ മാറ്റത്തിന് ഇടവരുത്തിയിട്ടുണ്ട്.

ആദിവാസിമേഖലയ്ക്ക് വേണ്ടി കാലാകാലങ്ങളിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ആവിഷ്കരിച്ച് നടപ്പാക്കി വരുന്ന പദ്ധതികളുടെ ഗുണഫലങ്ങൾ ആദിവാസി സമൂഹത്തിലേക്ക് എത്തിയിട്ടില്ല എന്നത് ഒരു യാഥാർത്ഥ്യമാണല്ലോ. ഉദ്യോഗസ്ഥരിലും രാഷ്ട്രീയ തലത്തിലുള്ളവരിലും പെട്ട ഒരു വലിയ വിഭാഗം കരാറുകാരുമായി ചേർന്ന് ഈ പാവങ്ങളെ ചൂഷണം ചെയ്തു വരുന്ന രീതിയിൽ നിന്ന് മാറ്റത്തിന് തുടക്കം കുറിച്ചത് എൻ.ആർ.എൽ.എം. വന്നതിനു ശേഷമാണ്. ദേശീയ ഗ്രാമീണ ഉപജീവന ദൗത്യത്തിൽ നിന്നും നിയോഗിക്കപ്പെട്ട ചീഫ് ഓപ്പറേറ്റിങ് ഓഫീസറുടെ മേൽനോട്ടത്തിൽ നടന്ന ആദിവാസി ശാക്തീകരണ പ്രവർത്തനങ്ങളിൽ അസ്വസ്ഥരായ ചില സ്ഥാപിത താല്പര്യക്കാരാണ് ഇപ്പോൾ ഈ പദ്ധതിയെ തുരങ്കം വയ്ക്കാൻ ശ്രമിക്കുന്നത്.

പദ്ധതി പ്രവർത്തനങ്ങളുടെ ഭാഗമായി ഭൂമികയ്യേറ്റ കേസുകളിൽ നിയമ സഹായം ആരംഭിച്ചപ്പോൾ മുതലാണ് പദ്ധതിക്കെതിരെ ഇക്കൂട്ടർ നീക്കങ്ങൾ തുടങ്ങിയത്.

വനവിഭവങ്ങളുടെ ശേഖരണവും വിൽപ്പനയും ആദിവാസി സ്ത്രീകളുടെ നേതൃത്വത്തിൽ നേരിട്ട് നടത്തുന്നതും ഇടത്തട്ടുകാരുടെ പ്രകോപനത്തിന് ഇടവരുത്തി.

ഈ പദ്ധതിയുമായി ബന്ധപ്പെട്ട ബ്ലോക്ക് സമിതി ഭാരവാഹികളോട് അപമര്യാദയായി പെരുമാറിയതിനും ഭീഷണിപ്പെടുത്തിയതിനും ജാതീയമായി അധിക്ഷേപിച്ചതിനും ഉത്തരവാദിത്തപ്പെട്ട പോലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകിയെങ്കിലും ഒരു നടപടിയും പോലീസിൻറെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.

പദ്ധതിയുടെ ഘടനയിലും പ്രവർത്തനരീതിയിലും മാറ്റം വരുത്താതിരിക്കുക, ആദിവാസി,. വിരുദ്ധ നിലപാട് സ്വീകരിച്ചുവരുന്ന ഉദ്യോഗസ്ഥരെ പിരിച്ചുവിടുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് മൂപ്പൻസ് കോ-ഓഡിനേഷൻ കമ്മിറ്റി, കാട് കാപ്പ, തായ്കുല സംഘം, ആദിവാസി ആക്ഷൻ കൗൺസിൽ എന്നീ സംഘടനകളുടെ ആഭിമുഖ്യത്തിൽ ദിവസങ്ങളായി രാപ്പകൽ സമരം നടന്നു വരികയാണ്.

ഇക്കാര്യത്തിൽ അടിയന്തിരമായി ഇടപെട്ട് പ്രസ്തുത പദ്ധതി നല്ല രീതിയിൽ തന്നെ മുന്നോട്ടു കൊണ്ടു പോകുന്നതിനുള്ള സാഹചര്യം ഒരുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

അതോടൊപ്പം തന്നെ പോലീസിൽ നൽകിയിട്ടുള്ള പരാതികളെ കുറിച്ച് ഐ.ജി. റാങ്കിലുള്ള ഉന്നത ഉദ്യോഗസ്ഥനെ നിയോഗിച്ച് സത്യസന്ധമായ അന്വേഷണവും ഫലപ്രദമായ നടപടികളും സ്വീകരിക്കേണ്ടത് അനിവാര്യമാണ്.

പോലീസ്, തദ്ദേശഭരണം, റവന്യൂ, പട്ടികവർഗ്ഗം, വനം എന്നീ വകുപ്പുകളുടെ ഭാഗത്തുനിന്നും നീതിപൂർവമായ നടപടികൾ ഉറപ്പുവരുത്തുന്നതിന് വേണ്ടത് ഉടനടി ചെയ്യണമെന്നും താല്പര്യപ്പെടുന്നു.

ജനമനസാക്ഷിയെ ഞെട്ടിച്ച മധുവിൻറെ ക്രൂരമായ കൊലപാതകത്തിന് ശേഷം ബഹു. ഹൈക്കോടതി തന്നെ ഇടപെട്ട് ഇതുവരെ നടപ്പാക്കിയ ആദിവാസി ക്ഷേമ പദ്ധതികളെക്കുറിച്ച് സോഷ്യൽ ഓഡിറ്റിങ്ങിന് വിധേയമാക്കണമെന്ന ഉത്തരവ് പ്രാബല്യത്തിലുള്ളപ്പോഴാണ് നിലവിലുള്ള നല്ലൊരു പദ്ധതിയെ തന്നെ ഇല്ലാതാക്കാൻ സംഘടിത ശ്രമം നടക്കുന്നത്.

അതുകൊണ്ട് ഇക്കാര്യത്തിൽ അടിയന്തിരവും ഫലപ്രദമായ നടപടി എത്രയും വേഗത്തിൽ ഉണ്ടാകേണ്ടത് അത്യാവശ്യമാണെന്ന കാര്യം ശ്രദ്ധയിൽ പെടുത്തുന്നു.

സ്നേഹപൂർവ്വം

വി.എം.സുധീരൻ

NO COMMENTS