തിരുവനന്തപുരം : പുതിയ കേരളം കെട്ടിപ്പടുക്കുന്നതിന് പരമ്പരാഗത രാഷ്ട്രീയ പ്രവർത്തനശൈലി മാറണമെന്ന് വി.എം.സുധീരൻ. സംസ്ഥാന സർക്കാരും സമസ്ത രാഷ്ട്രീയ നേതൃത്വവും സമൂഹത്തിൻറെ സർവ്വ തലത്തിലുള്ള ജനവിഭാഗങ്ങളും ഒരേ മനസ്സോടെ ഒന്നിച്ചു നിന്ന് പുതിയൊരു കേരളം കെട്ടിപ്പടുക്കുന്ന ദൗത്യം ഏറ്റെടുക്കേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. പരസ്പരം പഴിചാരാനും കുറ്റപ്പെടുത്താനും കിട്ടുന്ന അവസരങ്ങളൊക്കെ പ്രയോജനപ്പെടുത്തിവരുന്ന ആ രീതിക്ക് താൽക്കാലികമായിട്ടെങ്കിലും വിരാമമിടാൻ നമുക്ക് കഴിയണം. അതിന് ആവശ്യമായ മുൻകൈ ഉണ്ടാകേണ്ടത് സർക്കാരിൻറെ ഭാഗത്തുനിന്ന് തന്നെയാണ്. സർക്കാരിൻറെയോ ഔദ്യോഗിക സംവിധാനങ്ങളുടെയോ ഭാഗത്തുനിന്നും വന്നതായി പറയുന്ന പാളിച്ചകളോ വീഴ്ചകളോ സംബന്ധിച്ച് ഏതു ഭാഗത്തുനിന്നും വിമർശനങ്ങളോ പ്രതികരണങ്ങളോ നിർദ്ദേശങ്ങളോ ഉണ്ടായാലും തുറന്ന മനസ്സോടെ തന്നെ അതെല്ലാം പരിശോധിക്കുന്നതിന് സർക്കാർ തയ്യാറാകേണ്ടത് ആവശ്യമാണെന്നും സുധീരൻ പറഞ്ഞു.
മഹാദുരന്തത്തെ നേരിടുന്നതിനും ജനങ്ങളെ രക്ഷിക്കുന്നതിനും ആശ്വാസമെത്തിക്കുന്നതിനും സമസ്ത കേരളീയരും അനിതരസാധാരണമായ ഒരുമയോടെ അണിചേർന്നത് തികഞ്ഞ മതിപ്പോടെയാണ് ലോകമെമ്പാടുമുള്ള ജനങ്ങൾ നോക്കിക്കാണുന്നത്. തുടർന്നുള്ള ദുരിതാശ്വാസ-പുനരധിവാസ പ്രവർത്തനങ്ങളിലൂടെ ജനജീവിതം സാധാരണ നിലയിലേക്ക് കൊണ്ടുവരുന്നതിനും ഒറ്റക്കെട്ടായ പ്രവർത്തനമാണ് മുന്നോട്ട് കൊണ്ടുപോകേണ്ടത്.
കേരളം നേരിടുന്ന വെല്ലുവിളി തരണം ചെയ്യുന്നതിന് ലോകരാഷ്ട്രങ്ങളുടെ പിന്തുണ നമ്മുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതാണ്. എന്തിലും ഏതിലും ഇന്ത്യയെ എതിർക്കുന്നതിന് അവസരം നോക്കിയിരിക്കുന്ന പാകിസ്താൻ ഭരണകൂടം തന്നെ കേരളത്തിൻ്റെ ദുരവസ്ഥയിൽ സഹായ വാഗ്ദാനം നൽകിയത് കുളിർമയുള്ള ഒരനുഭവം തന്നെയാണ്. ലോകം കേരളത്തിലേക്ക് ഉറ്റുനോക്കി കൊണ്ടിരിക്കുന്ന ഈ സന്ദർഭത്തിൽ കേരളത്തിലെ ജനങ്ങൾ ഭിന്നിച്ച് പോകുന്ന സാഹചര്യം ഒരു കാരണവശാലും ഉണ്ടാകാതിരിക്കാനുള്ള ജാഗ്രത എല്ലാ ഭാഗത്തുനിന്നും ഉണ്ടായേ മതിയാകൂ.
ഡാം മാനേജ്മെൻറ് സംബന്ധിച്ച് പ്രതിപക്ഷം ഉൾപ്പെടെയുള്ളവരുടെ ഭാഗത്തുനിന്നും ഉയർന്നു വന്നിട്ടുള്ള വിമർശനങ്ങളും നിർദേശങ്ങളും തീർച്ചയായും പരിശോധിക്കപ്പെടേണ്ടതാണ്. അതോടൊപ്പം തന്നെ കാലാകാലങ്ങളിൽ മാറിമാറി വന്ന കേരളത്തിലെ ഭരണകൂടങ്ങളുടെ നടപടികളുടെ ഫലമായി പ്രകൃതിക്കേറ്റ ആഘാതങ്ങൾ എത്ര മാത്രം ഈ ദുരന്തത്തിൽ പ്രതിഫലിക്കപ്പെട്ടു എന്നതും വിലയിരുത്തപ്പെടേണ്ടതാണ്.
അതേ രീതിയിൽ തന്നെ ജലസ്രോതസ്സുകളുടെ സംരക്ഷണത്തിലും മാലിന്യ നിർമ്മാർജനത്തിലും അനിയന്ത്രിതവും നിയമവിരുദ്ധവുമായ നിർമ്മാണങ്ങളും ഖനന പ്രവർത്തനങ്ങളും തടയുന്നതിലും വന്നിട്ടുള്ള വീഴ്ചകളുടെ ഫലമായി പ്രകൃതിയുടെ സന്തുലിതാവസ്ഥയ്ക്കേറ്റ മാരകമായ ക്ഷതങ്ങൾ ഈ ദുരന്തത്തിൻ്റെ ആക്കം കൂട്ടിയോ എന്നതും പരിശോധിക്കപ്പെടേണ്ടതാണ്.
ഇതെല്ലാം വിലയിരുത്തുന്നതിന് ഒരു ഉന്നതാധികാര കമ്മീഷനെ എത്രയും പെട്ടെന്ന് നിയോഗിക്കുന്നത് ഉചിതമായിരിക്കും. ഹൈക്കോടതി സിറ്റിംഗ് ജഡ്ജിയുടെ അധ്യക്ഷതയിൽ ഇപ്രകാരമൊരു കമ്മീഷൻ വരുന്നതായിരിക്കും നല്ലത്. ഡാം സുരക്ഷ, വാട്ടർ മാനേജ്മെൻറ്, ഫ്ലഡ് മാപ്പിംഗ്, ഭൗമശാസ്ത്രം, ലാൻഡ് മാനേജ്മെൻറ്, പരിസ്ഥിതി സംരക്ഷണം, വേസ്റ്റ് മാനേജ്മെൻറ്, നിർമ്മാണമേഖല, പുനരധിവാസം, സാമൂഹ്യശാസ്ത്രം, നിയമം എന്നീ മേഖലകളിലെ വിദഗ്ധരും മറ്റു ബന്ധപ്പെട്ട ശാസ്ത്രജ്ന്ജരും ഈ കമ്മീഷനിൽ ഉണ്ടാകേണ്ടത് അനിവാര്യമാണ്. കേരളത്തിലെ രാഷ്ട്രീയ നേതൃത്വത്തിൻ്റെയും മറ്റ് ബന്ധപ്പെട്ട മേഖലകളിലെ വിദഗ്ധരുടെയും നിർദ്ദേശങ്ങൾ സ്വീകരിച്ച് പൊതുസ്വീകാര്യതയുള്ള നിലയിൽ ഈ കമ്മീഷന് രൂപം കൊടുക്കാവുന്നതാണ്.
സാധാരണ സർക്കാർ നിയമിക്കുന്ന കമ്മീഷനുകളുടെ പ്രവർത്തന ശൈലിയും നടപടിക്രമങ്ങളും മാറ്റിവെച്ച് കൃത്യമായും ഒരു ഫാക്ട് ഫൈൻഡിങ് സംവിധാനമായി അത് മാറണം. നിലവിലുള്ള സംവിധാനത്തിലെ പാളിച്ചകൾ കണ്ടെത്തി ആവശ്യമായ തിരുത്തൽ വരുത്തുക എന്നതാണ് കമ്മീഷൻറെ ലക്ഷ്യമായി മാറേണ്ടത്. കമ്മീഷനെ ഏൽപ്പിക്കുന്ന ചുമതല സമയബന്ധിതമായി പൂർത്തിയാക്കാനുമാകണം. പ്രസ്തുത കമ്മീഷൻ റിപ്പോർട്ട് ബന്ധപ്പെട്ട വിദഗ്ധരെയും ജനപ്രതിനിധികളെയും പങ്കാളികളാക്കി വിപുലമായ ചർച്ചയ്ക്ക് വിധേയമാക്കുകയും യാതൊരു നിക്ഷിപ്ത താൽപര്യങ്ങളും ഇല്ലാതെ തികച്ചും മെറിറ്റിൻ്റെ അടിസ്ഥാനത്തിൽ മാത്രം തുടർനടപടികൾ നടപ്പിലാക്കുകയും വേണം.
പുതിയൊരു കേരള സൃഷ്ടിക്ക് ഇതാവശ്യമാണ്. അതുകൊണ്ട് എത്രയും പെട്ടെന്ന് നിർദ്ദേശിക്കപ്പെട്ട രൂപത്തിലുള്ള ഒരു ‘ഫാക്ട് ഫൈൻഡിംഗ് കമ്മീഷന്’ രൂപം നൽകാൻ സർക്കാർ തയ്യാറാകണം. ഇതോടെ ഇപ്പോൾ ഉയർന്നുവന്നിട്ടുള്ള വിവാദങ്ങളെല്ലാം അവസാനിപ്പിച്ച് മുഴുവൻ ശ്രദ്ധയും ദുരിതാശ്വാസ-പുനരധിവാസ-പുനർനിർമ്മാണ പ്രവർത്തനത്തിൽ കേന്ദ്രീകരിക്കാനാകണം.
ഈ പ്രവർത്തനങ്ങൾക്കെല്ലാം മേൽനോട്ടം വഹിക്കുന്നതിന് മുഖ്യമന്ത്രി ചെയർമാനായി സർക്കാർ പ്രതിനിധികളും പ്രതിപക്ഷ നേതാവ് ഉൾപ്പടെയുള്ള രാഷ്ട്രീയകക്ഷി പ്രതിനിധികളും ദുരന്തബാധിത ജില്ലകളിലെ എം.എൽ.എ.മാർ, എം.പി.മാർ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റുമാർ, നഗരസഭാ അധ്യക്ഷന്മാർ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ, വിദഗ്ധർ എന്നിവർ ഉൾപ്പെട്ട ഒരു മോണിറ്ററിംഗ് കൗണിസിലിന് രൂപം നൽകുന്നതും ഉചിതമായിരിക്കും.
ദുരന്തം വരുത്തിയ വൻ നാശനഷ്ടങ്ങളെ കുറിച്ച് അന്തിമ വിലയിരുത്തൽ പൂർത്തിയാകുമ്പോൾ ഇപ്പോൾ കണക്കാക്കിയതിലും എത്രയോ മടങ്ങ് വർദ്ധിച്ചതായിരിക്കും അത് എന്നതിൽ സംശയമില്ല. വിദേശസഹായം സ്വീകരിക്കുന്നതിൽ ഇപ്പോൾ കേന്ദ്രസർക്കാർ കൈക്കൊണ്ട സമീപനം പൊളിച്ചെഴുതണം. ലോക രാഷ്ട്രങ്ങളുടെയും യു.എൻ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര ഏജൻസികളുടെയും സഹായം പൂർണമായും കേരളത്തിന് ലഭ്യമാക്കാൻ കഴിയുന്ന രീതിയിൽ തീരുമാനങ്ങൾ ഉണ്ടാകണം. സാമ്പത്തിക സഹായം മാത്രമല്ല ലോകരാജ്യങ്ങളിലെ സാങ്കേതിക വൈദഗ്ധ്യവും ലഭ്യമാക്കുന്നത് പ്രധാന കാര്യമാണ്. രാഷ്ട്രീയ അതിപ്രസരം കൂടാതെ കേരളത്തോടൊപ്പം നിൽക്കാൻ കേന്ദ്ര സർക്കാർ തയ്യാറായേ മതിയാകൂ.
യാഥാർത്ഥ്യ ബോധത്തോടെ കേരളത്തെ സഹായിക്കാൻ കേന്ദ്രം മുന്നോട്ട് വരേണ്ട സന്ദർഭമാണിത്. അതിനവർ വീഴ്ചവരുത്തിയാൽ ചരിത്രം പൊറുക്കില്ല. രാഷ്ട്രീയം ജനനന്മയ്ക്ക് വേണ്ടിയാണ് എന്ന അടിസ്ഥാന തത്വം ഉൾക്കൊണ്ട് രാഷ്ട്രീയ അതിപ്രസരം ഒഴിവാക്കി പുതിയൊരു കേരളം കെട്ടിപ്പടുക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകളും സമസ്ത കേരളീയരും ഒന്നിച്ചു പ്രവർത്തിക്കേണ്ട നിർണായക സന്ദർഭമാണിത്. അതിനായി അനാവശ്യ വിവാദങ്ങൾക്കും തർക്കങ്ങൾക്കും നമുക്ക് വിട നൽകാം.
‘ഒരൊറ്റ ജനത, ഒരൊറ്റ കേരളം’ എന്ന ആപ്തവാക്യം ഉയർത്തിപ്പിടിച്ച് ദുരന്തത്തിൽപ്പെട്ട മുഴുവൻ സഹോദരങ്ങളെയും പൂർണ്ണമായും സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരിക. നമ്മുടെ പ്രവർത്തനങ്ങളെല്ലാം ആ ദിശയിൽ മാത്രമാകട്ടെയെന്നും സുധീരൻ പറഞ്ഞു.