തിരുവനന്തപുരം : ജലന്ധര്‍ ബിഷപ്പ് പീഡനക്കേസില്‍ ഫ്രാങ്കോ മുളയ്ക്കലിനെതിരെ നടപടിയെടുക്കാത്ത പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി കോണ്‍ഗ്രസ്സ് നേതാവ് വി എം സുധീരന്‍. രാഷ്ട്രീയ യജമാനന്മാരുടെ താളത്തിനൊപ്പിച്ച് തുള്ളി സ്വയം പരിഹാസ്യരായ ഡി.ജി.പി. ഉള്‍പ്പെടെയുള്ള പൊലീസിലെ ഉന്നതര്‍ ജനമനസ്സില്‍ പ്രതിക്കൂട്ടിലാണെന്നും സുധീരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ജലന്തർ ബിഷപ്പിനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കൊച്ചിയിൽ കന്യാസ്ത്രീകൾ നടത്തിവരുന്ന സമരത്തിന് കേരളീയ സമൂഹത്തിൻറെ സമ്പൂർണ്ണ പിന്തുണ ആർജ്ജിക്കാനായിരിക്കുകയാണ്.
ഈ ധർമസമരം ആരംഭിക്കാൻ നിർബന്ധിതരായ കന്യാസ്ത്രീകളോടൊപ്പമാണ് ജനമനസാക്ഷി.
കന്യാസ്ത്രീകൾക്ക് നീതി നിഷേധിക്കുന്ന ഡിജിപി യുടെയും കൂട്ടരുടെയും കള്ളക്കളികളെല്ലാം മറനീക്കി പുറത്തുവന്നിരിക്കുകയാണ്. രാഷ്ട്രീയ യജമാനന്മാരുടെ താളത്തിനൊപ്പിച്ച് തുള്ളി സ്വയം പരിഹാസ്യരായ ഡി.ജി.പി. ഉൾപ്പെടെയുള്ള പോലീസിലെ ഉന്നതർ ജനമനസ്സിൽ പ്രതിക്കൂട്ടിലാണ്.
ഇനിയെങ്കിലും ഇപ്പോൾ സ്വീകരിച്ചിട്ടുള്ള തെറ്റായ നിലപാട് തിരുത്താനും കന്യാസ്ത്രീകൾക്ക് നീതി ഉറപ്പ് വരുത്താനും പോലീസ് തയ്യാറാകണം. അല്ലെങ്കിൽ അതെല്ലാം കേരള പോലീസിന് തീരാ കളങ്കമായിരിക്കും.