തിരുവനന്തപുരം : ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ നടത്തിയ സമരത്തിന്റെ വിജയത്തെ അഭിനന്ദിച്ച് കോണ്‍ഗ്രസ്സ് നേതാവ് വി എം സുധീരന്‍. കന്യാസ്ത്രീകളുടെ ആവശ്യം അംഗീകരിക്കാന്‍ നിര്‍ബന്ധിതരായത് ജനങ്ങളുടെ വിജയമാണെന്നും സുധീരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
നീതിക്ക് വേണ്ടി സമരം നടത്തിയ കന്യാസ്ത്രീകളുടെ ന്യായമായ ആവശ്യം അംഗീകരിക്കാൻ പോലീസ് നിർബന്ധിതരായത് ജനങ്ങളുടെ വിജയമാണ്.
ആഗസ്റ്റ് 13ന് ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ബിഷപ്പ് ഫ്രാങ്കോ കുറ്റം ചെയ്തതായി ബോധിപ്പിച്ച പോലീസിന്റെ പിന്നീടുള്ള മലക്കം മറിച്ചിൽ വ്യാപകമായ പ്രതിഷേധത്തിനാണ് ഇടവരുത്തിയത്. തുടർന്ന് ശക്തമായ ജനവികാരത്തിന് മുന്നിൽ പോലീസിന് വഴങ്ങേണ്ടിവരികയും ചെയ്തു.
നിയമത്തെ കാറ്റിൽ പറത്താൻ അധികാരികളും സ്ഥാപിത താൽപര്യക്കാരും എത്ര ശ്രമിച്ചാലും അന്തിമ വിജയം നിയമത്തിനും സത്യത്തിനുമായിരിക്കും എന്നതാണ് ഈ സംഭവങ്ങളെല്ലാം ചൂണ്ടിക്കാണിക്കുന്നത്.
സർവവിധ വേദനകളും മനസ്സിൽ അടക്കിപ്പിടിച്ച് നിശ്ചയദാർഢ്യത്തോടെ നിലപാടിൽ ഉറച്ചുനിന്ന സന്യാസിനി സഹോദരിമാരെ അഭിനന്ദിക്കുന്നു.
നിയമവ്യവസ്ഥയെ അട്ടിമറിക്കാൻ ശ്രമിച്ചു വരുന്ന ഭരണകൂടങ്ങൾക്ക് ഒരു താക്കീതാണ് ഈ സമരം. ഇത് ധാർമികതയുടെ വിജയം കൂടിയാണ്.