തെരുവ് നായ്ക്കളുടെ പ്രശ്‌നം ഫലപ്രദമായി കൈകാര്യം ചെയ്യുന്നതില്‍ ഗുരുതരമായ വീഴ്ചയാണ് സംസ്ഥാനസര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുള്ളതെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍ പറഞ്ഞു.
തെരുവ് നായ്ക്കളുടെ അക്രമണത്തിന് ഇരയായി ദുരിതമനുഭവിക്കുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിച്ചുവരുന്ന ആപല്‍ക്കരമായ സ്ഥിതിവിശേഷമാണ് സംസ്ഥാനത്തുള്ളത്. അക്രമകാരികളായ നായ്ക്കളെ ഒഴിവാക്കാനുള്ള നടപടികളെക്കുറിച്ച് പലപ്രഖ്യാപനങ്ങളും നടത്തിയ സര്‍ക്കാര്‍ കേരളത്തിലെ അതിഗുരുതരമായ സ്ഥിതിഗതികളെ മറച്ചുവച്ച് കൊണ്ടാണ് സത്യവാങ്മൂലം സുപ്രീംകോടതിയില്‍ നല്‍കിയത്.ഇക്കാര്യത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച ഇരട്ടത്താപ്പ് നയമാണ് ഇതിലൂടെ പ്രകടമായത്.ജനജീവിതത്തെ ഇത്രയേറെ പ്രതികൂലമായി ബാധിച്ചിട്ടുള്ള ഈ പ്രശ്‌നത്തിലും സര്‍ക്കാരിന്റെ ഈ ഡബിള്‍ റോള്‍ തികഞ്ഞ ജനവഞ്ചനയാണ്.ഇനിയെങ്കിലും കേരളത്തിലെ ഗുരുതരമായ സ്ഥിതിവിശേഷം സുപ്രീംകോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിന് നിലവില്‍ നല്‍കിയ സത്യവാങ്മൂലത്തിന് ആവശ്യമായ ഭേദഗതിവരുത്തി നല്‍കുന്നതിന് സര്‍ക്കാര്‍ തയ്യാറാകണമെന്ന് സുധീരന്‍ അഭ്യര്‍ത്ഥിച്ചു.