ഡിസംബര്‍ 5ന് കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിക്കറ്റ് ചെയ്യും : വി.എം.സുധീരന്‍

242

രാഷ്ട്രീയ നേട്ടം മുന്‍നിര്‍ത്തി വേണ്ടത്ര കരുതല്‍ നടപടികളില്ലാതെ നോട്ട് പിന്‍വലിക്കുന്നതില്‍ എടുത്തുചാട്ടം നടത്തിയ പ്രധാനമന്ത്രി നരേന്ദ്രമോഡി രാജ്യത്തെ ജനങ്ങളുടെ ജീവിതം താറുമാറാക്കിയിരിക്കുകയാണെന്ന് കെ.പി.സി.സി. പ്രസിഡന്റ് വി.എം.സുധീരന്‍ പറഞ്ഞു. സ്വതന്ത്ര ഭാരതത്തിന്റെ ചരിത്രത്തില്‍ ഭരണകൂടം തന്നെ ജനങ്ങളുടെ ജീവിതം ദുരിതത്തിലാഴ്ത്തിയ ഇതുപോലൊരു സാഹചര്യം ഇനിന് മുന്‍പ് ഒരിക്കലും ഉണ്ടായിട്ടില്ല. കര്‍ഷകര്‍, തൊഴിലാളികള്‍, കച്ചവടക്കാര്‍, സര്‍ക്കാര്‍ ജീവനക്കാര്‍, പെന്‍ഷന്‍കാര്‍ തുടങ്ങി എല്ലാവിധ വിഭാഗത്തില്‍ പെട്ടവര്‍ക്കും അവരവരുടെ അവകാശപ്പെട്ട പണം പോലും കൈകാര്യം ചെയ്യാന്‍ സാധിക്കാത്ത ഈ ദുരവസ്ഥയ്ക്ക് പരിഹാരം കാണാന്‍ ഫലപ്രദമായയാതൊരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ലായെന്നത് വന്‍ ജനരോക്ഷത്തിന് ഇടവരുത്തിയിരിക്കുകയാണ്. ജനവികാരം മാനിക്കുന്നതിന് തീര്‍ത്തും പരാജയപ്പെട്ട കേന്ദ്രസര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് നടത്തിവരുന്ന സമരത്തിന്റെ ഭാഗമായി ഡിസംബര്‍ 5ന് സംസ്ഥാനത്തെ നിശ്ചയിക്കപ്പെട്ട കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിക്കറ്റ് ചെയ്ത് അറസ്റ്റ് വരിക്കുമെന്ന് സുധീരന്‍ അറിയിച്ചു.
നരേന്ദ്രമോഡിയുടെ നടപടിമൂലം നട്ടംതിരിയുന്ന ജനങ്ങളെ റേഷന്‍ വിതരണം അവതാളത്തിലാക്കി സംസ്ഥാന സര്‍ക്കാര്‍ ദ്രോഹിക്കുകയാണെന്നും സുധീരന്‍ ആരോപിച്ചു. സംസ്ഥാനത്തെ റേഷനിംഗ് സംവിധാനം സംസ്ഥാന സര്‍ക്കാര്‍ തന്നെ അട്ടിമറിച്ചിരിക്കുകയാണ്. ജനങ്ങള്‍ക്ക് റേഷനരി നല്‍കുന്നതില്‍ പരാജയപ്പെട്ട സംസ്ഥാന സര്‍ക്കാരിനെതിരെ ശക്തമായ സമരത്തിലേക്ക് നീങ്ങേണ്ടിവരുമെന്നും സുധീരന്‍ മുന്നറിയിപ്പ് നല്‍കി.

NO COMMENTS

LEAVE A REPLY