തിരുവനന്തപുരം • ആര്‍ഭാട വിവാഹ വിവാദത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നിലപാടു തിരുത്തി കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍. ആരെങ്കിലും ആര്‍ഭാടം കാട്ടിയാല്‍ എന്തു ചെയ്യാനെന്നായിരുന്നു ചെന്നിത്തല ചോദിച്ചത്. അതേസമയം, ചെന്നിത്തല പറഞ്ഞ നിലപാടു ശരിയല്ലെന്നു സുധീരന്‍ വ്യക്തമാക്കി. ആര്‍ഭാട വിവാഹം നാഗ്പൂരിലായാലും ബെല്ലാരിയിലായാലും തിരുവനന്തപുരത്തായാലും തെറ്റു തെറ്റുതന്നെയാണെന്നു സുധീരന്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തിലാണു സുധീരന്റെ പരസ്യ ഇടപെടല്‍ ഉണ്ടായത്. കോണ്‍ഗ്രസ് നേതാവ് അടൂര്‍ പ്രകാശിന്റെ മകന്‍ അജയ് കൃഷ്ണന്റെയും വ്യവസായി ബിജു രമേശിന്റെ മകള്‍ മേഘയുടെയും വിവാഹം ആഡംബരമായിരുന്നെന്ന് ആക്ഷേപമുണ്ടായിരുന്നു. രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ. കുര്യന്‍, വയലാര്‍ രവി എന്നിവര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചടങ്ങിനെത്തിയെങ്കിലും സംസ്ഥാനത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളാരും പങ്കെടുത്തിരുന്നില്ല. വിവാഹ നിശ്ചയ ചടങ്ങില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പങ്കെടുത്തതിനെ കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍ നേരത്തേ വിമര്‍ശിച്ചതു കോണ്‍ഗ്രസിനുള്ളില്‍ വലിയ വിവാദമായിരുന്നു.