കുറ്റ്യാടിയില്‍ ദളിത് പെണ്‍കുട്ടി ആത്മഹത്യ ചെയ്യാനുണ്ടായ കാരണം വനിതാ എ.ഡി.ജി.പി അന്വേഷിപ്പിക്കണം-വി.എം.സുധീരന്‍

193

കുറ്റ്യാടിയില്‍ പോലീസ് കസ്റ്റഡില്‍ എടുത്ത 19 വയസ് മാത്രം പ്രായമുള്ള ദളിത് പെണ്‍കുട്ടി ആത്മഹത്യ ചെയ്യാനുണ്ടായ കാരണം സംബന്ധിച്ച് ഒരു വനിതാ എ.ഡി.ജി.പിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കെ.പി.സി.സി. പ്രസിഡന്റ് വി.എം.സുധീരന്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു. ഈ സംഭവത്തിന്റെ സത്യാവസ്ഥ പുറത്ത് കൊണ്ടുവരേണ്ടതും കുറ്റവാളികള്‍ക്ക് നിമയം അനുശാസിക്കുന്ന പരമാവധി ശിക്ഷ ഉറപ്പ് വരുത്തേണ്ടതും സര്‍ക്കാരിന്റെ കടമയാണെന്ന് കത്തില്‍ ചൂണ്ടിക്കാട്ടി. വനിതാ പോലീസില്ലാതെ പെണ്‍കുട്ടികളെ കസ്റ്റഡിയില്‍ എടുക്കുകയും രണ്ട് മണിക്കൂര്‍ പോലീസ് സ്‌റ്റേഷനില്‍ കസ്റ്റഡിയില്‍ വച്ച് മാനസികമായി പീഡിപ്പിക്കുകയും ചെയ്തത് സാമൂഹ്യ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണ്. കഴിഞ്ഞ കുറേ നാളുകളായി ദളിത് വിഭാഗത്തില്‍പ്പെടുന്നവരെ അന്യായമായി കസ്റ്റഡിയില്‍ എടുത്ത് ക്രൂരമായി പീഡിപ്പിക്കുക എന്നത് കേരള പോലീസിന്റെ ഒരു വിനോദമായി മാറിയിരിക്കുന്നെന്നും തലശ്ശേരിയിലും വണ്ടൂരിലും കൊല്ലത്തും ഇത്തരത്തിലുള്ള ദളിത് പീഡനം പോലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായപ്പോള്‍ ഫലപ്രദമായ ഒരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നെങ്കില്‍ കുറ്റ്യാടിയില്‍ ഇത്തരത്തില്‍ ഒരു സംഭവം ആവര്‍ത്തിക്കില്ലായിരുന്നുവെന്നും സുധീരന്‍ കുറ്റപ്പെടുത്തി.

NO COMMENTS

LEAVE A REPLY