കേന്ദ്രസര്‍ക്കാര്‍ കള്ളപ്പണത്തിനെതിരെ നടത്തുന്ന നീക്കം അട്ടിമറിക്കാന്‍ സിപിഎം ബാങ്ക് സംഘടന ശ്രമിക്കുന്നു : വി.മുരളീധരന്‍

190

തിരുവനന്തപുരം • കേന്ദ്രസര്‍ക്കാര്‍ കള്ളപ്പണത്തിനെതിരെ നടത്തുന്ന നീക്കത്തെ അട്ടിമറിക്കാനാണ് സിപിഎം സംഘടനയായ ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ബെഫി) ശ്രമിക്കുന്നതെന്ന് ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം വി.മുരളീധരന്‍. ജനങ്ങള്‍ക്ക് ഉണ്ടായിട്ടുള്ള ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ വലിയ ശ്രമങ്ങളാണ് രാജ്യത്താകമാനമുള്ള ബാങ്ക് ജീവനക്കാര്‍ നടക്കുന്നത്. എന്നാല്‍ അവരില്‍ ഒരു ചെറുവിഭാഗമായ ബെഫി ജീവനക്കാര്‍ സംസ്ഥാന സമ്മേളനത്തിനായി കൂട്ടമായി മാറിനിന്ന് ജനങ്ങളെ ദുരിതത്തിലാക്കുകയാണ്. കേന്ദ്ര സര്‍ക്കാരിനെതിരേ ജനങ്ങളെ തിരിക്കാന്‍ സിപിഎം നടത്തിയ ഗുഢാലോചനയുടെ ഭാഗമാണ് ഇത്. സമ്മേളനം നേരത്തേ തീരുമാനിച്ചതാണെന്ന വാദത്തില്‍ യാതൊരു കഴമ്പുമില്ല. സുപ്രധാനമായ തീരുമാനം സര്‍ക്കാരുകള്‍ കൈക്കൊള്ളുമ്പോഴാണ് ഉദ്യോഗസ്ഥരുടെ അടിയന്തരമായ ആവശ്യം വരുന്നത്. ആ സമയത്ത് ഉത്തരവാദിത്തം നിറവേറ്റാതെ മാറിനിന്ന് അട്ടിമറി ശ്രമം നടത്തുന്നത് ഒരിക്കലും ന്യായീകരിക്കാനാകില്ല. കേരളത്തിലെ ഒട്ടേറെ ബാങ്ക് ശാഖകളുടെ പ്രവര്‍ത്തനം ഇതിലൂടെ പ്രതിസന്ധിയിലായിരിക്കുകയാണ്. നവംബര്‍ ഒന്‍പതിന് റിസര്‍വ് ബാങ്ക് ഇറക്കിയ ഉത്തരവില്‍ നവംബര്‍ 12,13 തീയതികളില്‍ സാധാരണ ദിവസങ്ങളിലേതുപോലെ ബാങ്കുകള്‍ തുറന്നു പ്രവര്‍ത്തിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഈ ഉത്തരവിനെ അവഗണിച്ച്‌ സമ്മേളനത്തിനായി പോയ ബെഫി അംഗത്വമുള്ള ഉദ്യോഗസ്ഥര്‍ നടത്തിയിരിക്കുന്നത് കടുത്ത അച്ചടക്ക ലംഘനമാണ്. ഇവര്‍ക്കെതിരേ ശക്തമായ നടപടിയെടുക്കാന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുരളീധരന്‍ വ്യക്തമാക്കി.

NO COMMENTS

LEAVE A REPLY