തിരുവനന്തപുരം : കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയി കോടിയേരിക്കെതിരെ ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം വി മുരളീധരന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് പരാതി നല്‍കി. പത്ത് കോടിയോളം രൂപ ഒരു സ്വകാര്യ കമ്പനി ഒരാള്‍ക്ക് കടംകൊടുക്കണമെങ്കില്‍ അയാളുടെ ആസ്തി അതിന്റെ എത്രയെങ്കിലും ഇരട്ടി മടങ്ങായിരിക്കും. ഇത്രയും ആസ്തി അയാള്‍ക്ക് എവിടെ നിന്നുണ്ടായി. മക്കളാണ് ബിസിനസ് നടത്തുന്നതെങ്കിലും കോടിയേരിയുടെ രാഷ്ട്രീയവും ഭരണപരവുമായ തണലിലാണ് അവര്‍ ഇതെല്ലാം ചെയ്യുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കോടിയേരിയുടെ മക്കള്‍ ആഴ്ചതോറും വിദേശത്തേക്ക് വിമാനത്തിലെ ആഡംബര ക്ലാസിലാണ് യാത്ര ചെയ്യുന്നത്. ഇത്രയും വലിയ എന്ത് ബിസിനസാണ് ഇവര്‍ അവിടെ നടത്തുന്നത്. ഈ ബിസിനസുകളില്‍ ഇവര്‍ക്കുള്ള നിക്ഷേപവും വരുമാനവും എന്താണ്. ഇതെല്ലാം ചൂണ്ടിക്കാട്ടി വിജിലന്‍സിന് പരാതി നല്‍കിയിരുന്നെങ്കിലും അവര്‍ ഇത് നിരസിച്ചതായും വി മുരളീധരന്‍ വ്യക്തമാക്കി.