തിരുവനന്തപുരം• ഭരണപരിഷ്കാര കമ്മിഷന്‍ അധ്യക്ഷനായി നിയമിച്ച് ഒരുമാസമായിട്ടും ആ സ്ഥാനം ഏറ്റെടുക്കാതെ ഓദ്യോഗിക വസതി, വാഹനം, ഓഫിസ്, പഴ്സനല്‍ സ്റ്റാഫ് എന്നിവയ്ക്കുവേണ്ടി വിലപേശുന്ന വി.എസ്.അച്യുതാനന്ദന്റെ നിലപാട് തീര്‍ത്തും പരിഹാസ്യമാണെന്ന് ബിജെപി നേതാവ് വി.മുരളീധരന്‍. ഭരണപരിഷ്കാര കമ്മിഷന്‍ അധ്യക്ഷനായി ഓഗസ്റ്റ് 18ന് വി.എസ്.അച്യുതാനന്ദന്‍ ചുമതലയേറ്റു എന്നാണ് മുഖ്യമന്ത്രി ഇന്നലെ പറഞ്ഞത്. പക്ഷേ താന്‍ ചുമതലയേറ്റിട്ടില്ലെന്നും എന്തുകൊണ്ടാണു ചുമതലയേല്‍ക്കാത്തത് എന്നതിന്റെ കാരണം പ്രഖ്യാപിച്ചവരോടുതന്നെ ചോദിക്കണമെന്നുമാണ് വിഎസ് ഇന്നു പറഞ്ഞത്. ആവശ്യപ്പെട്ടതരത്തിലുള്ള സൗകര്യങ്ങള്‍ ലഭിക്കാത്തതുകൊണ്ടാണ് വിഎസ് ചുമതലയേറ്റെടുക്കാത്തതെന്നു വ്യക്തം.
യാതൊരുവിധ അധികാരങ്ങളുമില്ലാത്ത നിര്‍ദേശക സ്വഭാവം മാത്രമുള്ള ഒരു സംവിധാനമാണ് ഭരണപരിഷ്കാര കമ്മിഷന്‍. എല്‍ഡിഎഫിന്റെ ഇതുവരെയുള്ള ഭരണകാലത്തു മൂന്ന് ഭരണപരിഷ്കാര കമ്മിഷനുകളാണു നിയമിക്കപ്പെട്ടത്. ഈ കമ്മിഷനുകള്‍ 400 പേജിലധികം വരുന്ന റിപ്പോര്‍ട്ടുകള്‍ അതാതുകാലത്തെ സര്‍ക്കാരുകള്‍ക്കു സമര്‍പ്പിച്ചിരുന്നു. ഈ ശുപാര്‍ശകളില്‍ ഏതാനും ചിലതു മാത്രമാണ് നടപ്പാക്കപ്പെട്ടത്. ഭരണപരിഷ്കാര കമ്മിഷന്റെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കണമെന്നു സര്‍ക്കാരിന് ഒരു ബാധ്യതയുമില്ല.
പല്ലും നഖവുമില്ലാത്ത ഒരു നിര്‍ദേശക സമിതി മാത്രമാണ് ഈ കമ്മിഷന്‍. തന്റെ പോരാട്ടങ്ങളെല്ലാം അവസാനിപ്പിച്ച് പിണറായി വിജയന് കീഴടങ്ങയതിന്റെ ഭാഗമായാണ് വി.എസ്.അച്യുതാനന്ദന് പിണറായി വിജയന്‍ ഈ ഔദാര്യം വച്ചുനീട്ടിയത്. ആ ഔദാര്യം വി.എസ്.അച്യുതാനന്ദന്‍ രണ്ടുകൈയുംനീട്ടി സ്വീകരിക്കുകയായിരുന്നു. എന്നാല്‍ ഈ സ്ഥാനം വാങ്ങിയ അച്യുതാനന്ദന്‍, സ്ഥാനവുമായി ബന്ധപ്പെട്ടു ലഭിക്കേണ്ട സൗകര്യങ്ങളുടെ പേരില്‍ തുടര്‍ച്ചയായി അതൃപ്തി രേഖപ്പെടുത്തി ജനങ്ങളുടെ മുന്നില്‍ പരിഹാസ്യനാകുകയാണ്.
കമ്മിഷന്റെ ഓഫിസായി സെക്രട്ടറിയേറ്റിനുള്ളില്‍ മുന്‍ റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് ഉപയോഗിച്ചിരുന്ന മുറി നല്‍കാനാണ് ആദ്യം തീരുമാനിച്ചിരുന്നത്. ഇവിടെ സ്ഥലപരിമിതിയുണ്ടെന്ന തര്‍ക്കം ഉയര്‍ന്നപ്പോള്‍ ഓഫിസ് ഐഎംജിയിലേക്കു മാറ്റാനും ആലോചിച്ചു. ഈ തീരുമാനത്തിലും വിഎസ് അതൃപ്തനായിരുന്നു. പിന്നീടാണ് സെക്രട്ടറിയേറ്റ് അനക്സിന് സമീപമുള്ള പുതിയ കെട്ടിടത്തില്‍ ഓഫിസ് സജ്ജമാക്കാന്‍ തീരുമാനിച്ചത്.
ഔദ്യോഗിക വസതിയായി വലിയതോതില്‍ സൗകര്യങ്ങളുള്ള തൈക്കാട് ഹൗസ് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. എന്നാല്‍ ഈ മുന്‍ മന്ത്രിമന്ദിരവും അച്യുതാനന്ദനെ തൃപ്തിപ്പെടുത്തിയില്ല. ഫലത്തില്‍ ഇത്തരം സൗകര്യങ്ങള്‍ കിട്ടാത്തതിനാല്‍ അദ്ദേഹത്തിന്റെ സ്ഥാനാരോഹണം അനന്തമായി നീളുകയാണ്. ഇതുപോലെ ബാലിശമായ നിലപാടുകളിലൂടെ വിഎസ് ജനങ്ങളുടെ ഇടയില്‍ പരിഹാസ്യ കഥാപാത്രമായി മാറുകയാണെന്നും മുരളീധരന്‍ പ്രസ്താവനയില്‍ പറഞ്ഞു.