തിരുവനന്തപുരം : ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം വി. മുരളീധരന്‍ നല്‍കിയ നാമനിര്‍ദ്ദേശ പത്രികയിലെ സത്യവാങ്മൂലത്തില്‍ ഗുരുതര പിഴവ്. മഹാരാഷ്ട്രയില്‍ നിന്നും രാജ്യസഭയിലേക്ക് മത്സരിക്കുന്ന മുരളീധരന്‍ കഴിഞ്ഞ ദിവസം മഹാരാഷ്ട്ര നിയമസഭ ഡെപ്യൂട്ടി സെക്രട്ടറി വിലാസ് അത് വാലെയ്ക്ക് മുന്‍പാകെ സമര്‍പ്പിച്ച രണ്ട് സെറ്റ് പത്രികകളിലാണ് പിഴവ് ഉണ്ടെന്ന് വ്യക്തമായത്. മുരളീധരന്‍ സമര്‍പ്പിച്ച പത്രികയില്‍ ആദായ നികുതി അടയ്ക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടില്ല.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കഴക്കൂട്ടത്ത് നിന്ന് മത്സരിക്കാനായി സമര്‍പ്പിച്ച പത്രികയോടൊപ്പമുള്ള സത്യവാങ്മൂലത്തില്‍ ആദായ നികുതി അടച്ചതായി രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം രാജ്യസഭാ തിരഞ്ഞെടുപ്പിനായി സമര്‍പ്പിച്ച പത്രികയിലെ സത്യവാങ്മൂലത്തില്‍ ആദായ നികുതി അടച്ചിട്ടില്ലെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 2016ല്‍ നിയമസഭാ തിരഞ്ഞെടുപ്പിനായി സമര്‍പ്പിച്ച പത്രികയിലെ സത്യവാങ്മൂലത്തില്‍ 2004-05 സാമ്പത്തിക വര്‍ഷം 3,97,558 രൂപ ആദായ നികുതി അടച്ചതായാണ് ഉള്ളത്.
തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമ പ്രകാരം അറിയാവുന്ന കാര്യങ്ങള്‍ മറച്ചുവെക്കല്‍ കുറ്റകരമാണ്. ഇതുപ്രകാരം മുരളീധരന്റെ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷന് തള്ളാവുന്നതാണ്.