തൊടുപുഴ: സ്വകാര്യ ആശുപത്രികളില്‍ അരങ്ങേറുന്ന ചൂഷണത്തിനെതിരായ സമരം കൂടുതല്‍ ശക്തിപ്പെടുത്തണമെന്ന് വി.എസ് അച്യുതാനന്ദന്‍. കേരള ഗവണ്‍മെന്‍റ് നഴ്സ്സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം തൊടുപുഴയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഇത്തരം ആശുപത്രികള്‍ രോഗികളെ പിഴിയുന്നതോടൊപ്പം ഡോക്ടര്‍മാര്‍ ഒഴികെയുള്ള ജീവനക്കാരെ കടുത്ത ചൂഷണത്തിന് ഇരയാക്കുന്നു. ഈ ഇരട്ടചൂഷണത്തിന് എതിരായ സമരം ശക്തിപ്പെടുത്തണം. ഔഷധവ്യാപാരരംഗത്തെ ആഗോള കുത്തകകളുടെ കഴുത്തറപ്പന്‍ ചൂഷണവും ശക്തമാണ്. പത്തു രൂപപോലും ഉല്‍പാദന ചെലവില്ലാത്ത മരുന്നിന് പതിനായിരങ്ങള്‍ ഈടാക്കുന്ന അറുകൊലനയമാണ് ഔഷധരംഗത്തുള്ളത്.സര്‍ക്കാര്‍ മേഖലയിലെ നഴ്സുമാര്‍ക്ക് നിരന്തര സമ്മര്‍ദ്ദങ്ങളുടെ ഫലമായി ഏറെ നേട്ടം കൈവരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.ഇ.എം.എസ് സര്‍ക്കാരാണ് നഴ്സുമാര്‍ക്ക് വിവാഹം കഴിക്കാനുള്ള അവകാശം അനുവദിച്ചത്. കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാര്‍ ജില്ലാ ആശുപത്രികളില്‍ വരെ നഴ്സുമാരുടെ ജോലിസമയം എട്ടു മണിക്കൂറാക്കി. യു.ഡി.എഫ് സര്‍ക്കാരുകള്‍ നിര്‍ത്തലാക്കിയ നഴ്സിങ് വിദ്യാര്‍ഥികളുടെ സ്റ്റൈപന്‍ഡ് വര്‍ധിപ്പിച്ച് പുനഃസ്ഥാപിച്ചതും എല്‍.ഡി.എഫ് സര്‍ക്കാരാണ്. പ്രമോഷന്‍ സാധ്യതകള്‍ക്കും അനുകൂലനിലപാട് സ്വീകരിച്ചു. നഴ്സുമാര്‍ക്ക് എട്ടുമണിക്കൂര്‍ ജോലി നടപ്പായെങ്കിലും എല്ലാ ആശുപത്രികളിലും മൂന്നു ഷിഫ്റ്റ് സന്പ്രദായം നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല. ഇത് അടിയന്തിരമായി പരിഹരിക്കപ്പെടണം. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്‍റെ ജനവിരുദ്ധനടപടികള്‍ ഒന്നൊന്നായി തിരുത്തി, എല്ലാ മേഖലയിലെയും ജനങ്ങള്‍ക്ക് ആശ്വാസവും പ്രതീക്ഷയും നല്‍കുന്ന നടപടികളാണ് ഇപ്പോള്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു.