ഭരണപരിഷ്കാര കമ്മിഷന്റെ ഓഫീസ് സെക്രട്ടേറിയറ്റില്‍ തന്നെ വേണമെന്ന നിലപാടില്‍ ഉറച്ച്‌ വി.എസ് അച്യുതാനന്ദന്‍

215

തിരുവനന്തപുരം: ഭരണപരിഷ്കാര കമ്മിഷന്റെ ഓഫീസ് സെക്രട്ടേറിയറ്റില്‍ തന്നെ വേണമെന്ന നിലപാടില്‍ ഉറച്ച്‌ വി.എസ് അച്യുതാനന്ദന്‍. കമ്മീഷന്റെ പ്രവര്‍ത്തനം കാര്യക്ഷമമായി നടക്കാന്‍ സെക്രട്ടേറിയേറ്റില്‍ തന്നെ ഓഫീസ് വേണമെന്ന നിലപാട് അദ്ദേഹം ഇന്ന് പരസ്യമായി ആവര്‍ത്തിച്ചു.പുതിയ ഔദ്യോഗിക വസതിയായ കവടിയാര്‍ ഹൗസിലേക്ക് താമസം മാറിയശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു വി.എസ്. ഇന്ന് ഉച്ചയ്ക്കാണ് അദ്ദേഹം കവടിയാര്‍ ഹൗസിലേക്ക് കുടുംബത്തോടൊപ്പം താമസം മാറിയത്.ഭരണപരിഷ്കാര കമ്മീഷന്റെ ഓഫീസായി സര്‍ക്കാര്‍ കണ്ടെത്തിയിരിക്കുന്നത് സെക്രട്ടേറിയറ്റിനു പുറത്ത് പി.എം.ജി. ജങ്ഷനിലെ ഐ.എം.ജി. സമുച്ചയത്തിലാണ്. എന്നാല്‍ അതില്‍ താന്‍ ഒട്ടും തൃപ്തനല്ലെന്ന് വി.എസ് അറിയിച്ചിരുന്നു.സെക്രട്ടേറിയറ്റിന്റെ രണ്ടാം അനക്സില്‍ ഓഫീസ് നല്‍കുമെന്ന വാഗ്ദാനം പാലിക്കപ്പെടാത്തതാണ് വി.എസിനെ പ്രകോപിപ്പിച്ചത്.ഭരണപരിഷ്കാര കമ്മിഷനുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍, താനുമായി ആലോചിക്കാതെ തീരുമാനമെടുക്കുന്നതില്‍ ചീഫ് സെക്രട്ടറിയെ പ്രതിഷേധമറിയിച്ച്‌ വി.എസ് കത്തു നല്‍കിയിരുന്നു.
ആഗസ്ത് മൂന്നിനാണ് വി.എസിനെ അധ്യക്ഷനാക്കി ഭരണപരിഷ്കാര കമ്മിഷന്‍ രൂപവത്കരിക്കാനുള്ള തീരുമാനം മന്ത്രിസഭ കൈക്കൊണ്ടത്. ആറാം തീയതി ഉത്തരവിറങ്ങി.തുടര്‍ന്നു പദവി ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ഭരണപരിഷ്കാരവകുപ്പ് വി.എസിനു കത്തുനല്‍കി. പദവി ഏറ്റെടുക്കാന്‍ സന്നദ്ധതയറിയിച്ച്‌ ആഗസ്ത് 18ന് വി.എസ്. മറുപടി നല്‍കി. സന്നദ്ധതയറിയിച്ച ദിവസംതന്നെ ചുമതലയേറ്റതായി കണക്കാക്കി സര്‍ക്കാര്‍ നടപടിക്രമം പൂര്‍ത്തിയാക്കുകയും ചെയ്തു. എന്നാല്‍, ഇതിനുശേഷം ഭരണപരിഷ്കാര കമ്മിഷനുവേണ്ടിയും അധ്യക്ഷന്റെ പഴ്സണല്‍ സ്റ്റാഫിനു വേണ്ടിയും തസ്തികകള്‍ സൃഷ്ടിച്ച്‌ സപ്തംബര്‍ ഒന്നിനും തുടര്‍ന്ന് ഐ.എം.ജി.യില്‍ ഓഫീസ് അനുവദിച്ച്‌ രണ്ടുദിവസം മുമ്ബും ഉത്തരവുകളിറങ്ങി.

NO COMMENTS

LEAVE A REPLY