തിരുവനന്തപുരം : ലൈംഗിക പീഡനാരോപണത്തില്‍ നീതി തേടി കന്യാസ്ത്രീമാര്‍ തെരുവിലറങ്ങി പ്രക്ഷോഭരംഗത്തിറങ്ങേണ്ടി വന്ന സഹചര്യവും അതീവ ഗൗരവതരമെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍. പീഡന പരാതി ലഭിച്ചിട്ടും ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ആരുടെ ഭാഗത്ത് നിന്നും പ്രത്യക്ഷ നടപടിയുണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് കന്യാസ്ത്രീകള്‍ പ്രക്ഷോഭവുമായി രംഗത്തിറങ്ങിയതെന്നും വി എസ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. സഭാംഗങ്ങള്‍ക്കിടക്കുള്ള ക്രിമിനല്‍ സ്വഭാവമുള്ള കേസുകള്‍, സഭ തന്നെ കൈകാര്യം ചെയ്യുന്ന രീതി നമ്മുടെ നീതിന്യായ സംവിധാനത്തിന് നിരക്കുന്നതല്ല. ഉന്നത സ്ഥാനത്തിരിക്കുന്ന, സ്വാധീനമുള്ള വ്യക്തിയാണ് കഴിഞ്ഞ രണ്ടര മാസമായി എല്ലാ അന്വേഷണ സംവിധാനങ്ങള്‍ക്കും മീതെ സ്വതന്ത്രനായി വിഹരിക്കുന്നത് എന്നതിനാല്‍ ഇര അനുഭവിക്കുന്നത് വലിയ സമ്മര്‍ദ്ദമാണ്. അന്വേഷണ സംവിധാനങ്ങളിലേക്കും ഈ സമ്മര്‍ദ്ദം ചെന്നെത്തുന്നു എന്ന ധാരണ പരക്കാനിടയാക്കുംവിധം പ്രതിയുടെ അറസ്റ്റും ചോദ്യം ചെയ്യലും അനന്തമായി നീണ്ടുപോവുകയാണ്. ഇരകള്‍ക്ക് നീതി ലഭ്യമാക്കാനും കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനും പൊലീസ് ഇനിയും കാലതാമസം വരുത്തിക്കൂടെന്നും വി എസ് പറഞ്ഞു.