തിരുവനന്തപുരം• വി.എസ്. അച്യുതാനന്ദനു സിപിഎമ്മില്‍ പുതിയ സംഘടനാദൗത്യം. കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സമഗ്ര ചരിത്ര രചനയ്ക്കു തീരുമാനിച്ച പാര്‍ട്ടി, അതിന്റെ ഉപദേശകസമിതി അധ്യക്ഷനായി വിഎസിനെ നിയോഗിച്ചു. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണു കണ്‍വീനര്‍. മലബാറിലേതടക്കമുള്ള രാഷ്ട്രീയസംഘര്‍ഷങ്ങള്‍ ഉയര്‍ത്തി പാര്‍ട്ടിക്കും സര്‍ക്കാരിനുമെതിരെ ആര്‍എസ്‌എസ് നടത്തുന്ന പ്രചാരണതന്ത്രങ്ങള്‍ ചെറുക്കാന്‍ വിപുലമായ പ്രചാരണത്തിനും സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. ആര്‍എസ്‌എസ് അക്രമത്തില്‍ കൊല്ലപ്പെടുകയോ പരുക്കേല്‍ക്കുകയോ ചെയ്ത പ്രവര്‍ത്തകരുടെയും, പാര്‍ട്ടി ഓഫിസുകള്‍ക്കും മറ്റും ഉണ്ടായ നാശനഷ്ടങ്ങളുടെയും വിശദാംശം ഉള്‍പ്പെടുത്തി പോസ്റ്റര്‍, വിഡിയോ പ്രദര്‍ശനങ്ങളും ലഘുലേഖാ വിതരണവും നടത്തും.ഡല്‍ഹിയിലാണ് ആദ്യ പ്രദര്‍ശനം.
ഈ മാസം 20 മുതല്‍ 30 വരെ 14 ജില്ലകളിലായി 28 വാഹനപ്രചാരണ ജാഥകളും നടത്തും. കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആധികാരിക ചരിത്രം ഉണ്ടായിട്ടില്ല എന്നതു കണക്കിലെടുത്താണ് ഈ ദൗത്യം പാര്‍ട്ടി ഏറ്റെടുക്കുന്നത്. അഞ്ചു വാല്യങ്ങളായുള്ള രചനയുടെ ആദ്യ വാല്യം ഒരു വര്‍ഷം കൊണ്ടു പൂര്‍ത്തിയാക്കും. പ്രമുഖ ചരിത്രകാരന്മാരെ സമിതിയില്‍ ഉള്‍പ്പെടുത്തി. ഒക്ടോബര്‍ വിപ്ലവത്തിന്റെ നൂറാം വാര്‍ഷികം നവംബര്‍ ഏഴു മുതല്‍ അടുത്ത വര്‍ഷം നവംബര്‍ ഏഴു വരെ നടത്തും. അടുത്ത മാസം ഏഴിനു തലസ്ഥാന ജില്ല കേന്ദ്രീകരിച്ചു ചുവപ്പ് വൊളന്റിയര്‍ മാര്‍ച്ചും റാലിയും സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കും.
സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി പങ്കെടുക്കും. സമാപനം കൊച്ചിയിലാണ്. കേരളപ്പിറവിയുടെ 60-ാം വാര്‍ഷികം പ്രമാണിച്ചു നവംബര്‍ ഒന്നിന് ഒരു പഞ്ചായത്തില്‍ ഒരു ബ്ലോക്കില്‍ വീതം വിപുലമായ കുടുംബസംഗമം നടത്തും. 60 വര്‍ഷത്തെ കേരളചരിത്രം സംബന്ധിച്ച് എകെജി പഠന-ഗവേഷണ കേന്ദ്രം നവംബര്‍ 26നു സെമിനാര്‍ നടത്തും. കണ്ണൂരില്‍ നാലേക്കര്‍ സ്ഥലത്ത് ഇ.കെ. നായനാര്‍ ചരിത്രമ്യൂസിയം പൂര്‍ത്തീകരിക്കാനായി ജനുവരി ഏഴ്, എട്ട് തീയതികളില്‍ ഹുണ്ടികപ്പിരിവ് സംഘടിപ്പിക്കും. കേരളത്തില്‍ കഴിഞ്ഞ നാലു മാസത്തിനിടെ നാലു സിപിഎം പ്രവര്‍ത്തകര്‍ കൊല്ലപ്പെടുകയും 35 സിപിഎം ഓഫിസുകള്‍ തകര്‍ക്കപ്പെടുകയും ചെയ്തെന്നു കോടിയേരി പറഞ്ഞു. എന്നിട്ടു മാര്‍ക്സിസ്റ്റ് അക്രമമെന്നു പ്രചരിപ്പിക്കുകയാണു ബിജെപി നേതൃത്വം.
ആര്‍എസ്‌എസ് നേതൃത്വത്തില്‍ നടത്തിവരുന്ന തീവ്രഹിന്ദുത്വ പ്രചാരണം ഉപയോഗപ്പെടുത്തി മുസ്‍ലിം തീവ്രവാദപ്രസ്ഥാനങ്ങളും ഇറങ്ങുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഇസ്‍ലാമിക് സ്റ്റേറ്റിന്റെ പ്രവര്‍ത്തനമേഖല കേരളത്തിലും രൂപപ്പെടുത്തിയ സംഭവം. ദലിത് വിഭാഗങ്ങള്‍ക്കു നേരെയുള്ള ആക്രമണങ്ങള്‍ക്കെതിരെ വിവിധ ദലിത് വിഭാഗങ്ങളുമായി യോജിച്ചു പ്രക്ഷോഭം നടത്തും. വട്ടിയൂര്‍ക്കാവ്, പൂഞ്ഞാര്‍ മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് മൂന്നാം സ്ഥാനത്ത് എത്തിയതിന്റെ കാരണം പരിശോധിച്ച കമ്മിഷനുകളുടെ പ്രവര്‍ത്തനം പൂര്‍ത്തിയായില്ലെന്നു ചോദ്യത്തിനു മറുപടിയായി കോടിയേരി പറഞ്ഞു.