ഭരണപരിഷ്കാര കമ്മിഷന്‍റെ ആദ്യയോഗം വിഎസ് വീട്ടില്‍ വിളിച്ചുചേര്‍ത്തു

153

തിരുവനന്തപുരം• ഭരണപരിഷ്കാര കമ്മിഷന്‍ ആസ്ഥാനത്തെക്കുറിച്ചുള്ള തര്‍ക്കത്തില്‍ തീര്‍പ്പാകാതിരിക്കെ, അധ്യക്ഷനായ വി.എസ്. അച്യുതാനന്ദന്‍ ഔദ്യോഗിക വസതിയില്‍ തന്നെ കമ്മിഷന്റെ ആദ്യയോഗം വിളിച്ചുചേര്‍ത്തു. 14നു മൂന്നരയ്ക്ക് ആദ്യയോഗത്തിനായി എത്താനാണ് ഇതര അംഗങ്ങളായ സി.പി. നായരോടും നീല ഗംഗാധരനോടും ബന്ധപ്പെട്ട ഉദ്യോഗസ്ഥരോടും വിഎസ് ആവശ്യപ്പെട്ടിരിക്കുന്നത്.ആസ്ഥാനം ഇനിയും ഒരുക്കാത്തതിലുള്ള വിഎസിന്റെ അമര്‍ഷം പ്രതിഫലിക്കുന്നതായി നടപടി. ഓഫിസും സൗകര്യങ്ങളും സര്‍ക്കാര്‍ ശരിയാക്കുന്നില്ലെങ്കില്‍ പിന്നെ ഔദ്യോഗികവസതിയായ ‘കവടിയാര്‍ ഹൗസില്‍’ തന്നെ പ്രവര്‍ത്തനം ആരംഭിക്കുകയാണ് എന്ന ഒളിയമ്ബാണു വിഎസിന്റേത്.

സെക്രട്ടേറിയറ്റിന്റെ പുതിയ അനക്സ് മന്ദിരത്തില്‍ ഓഫിസ് എന്ന അച്യുതാനന്ദന്റെ ആവശ്യം സര്‍ക്കാര്‍ നിരസിച്ചിരുന്നു. പകരം ഐഎംജി (ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇന്‍ ഗവണ്‍മെന്റ്) ഹോസ്റ്റല്‍ പ്രവര്‍ത്തിക്കുന്ന ബാര്‍ട്ടണ്‍ഹില്‍ വളപ്പിലെ കെട്ടിടസമുച്ചയത്തില്‍ ആസ്ഥാനം ക്രമീകരിക്കാമെന്ന തീരുമാനത്തോട് അദ്ദേഹം ഇപ്പോഴും കടുത്ത വിയോജിപ്പിലാണ്. അക്കാര്യത്തില്‍ പുനരാലോചനയില്ല എന്നു നിയമസഭയില്‍ മുഖ്യമന്ത്രി വ്യക്തമാക്കിയതോടെ വീട്ടില്‍ തന്നെ പ്രവര്‍ത്തനം തുടങ്ങാം എന്നു വിഎസും നിശ്ചയിച്ചിരിക്കുന്നു.
ആസ്ഥാനത്തെച്ചൊല്ലിയുള്ള ശീതസമരം ഓഫിസ് തയാറാക്കുന്ന നടപടികളെയും ബാധിച്ചു. ബാര്‍ട്ടണ്‍ഹില്‍ എന്നു തീര്‍പ്പാക്കിയെങ്കിലും അവിടെയും ഇതുവരെ സൗകര്യങ്ങളായിട്ടില്ല. മുന്‍ മുഖ്യമന്ത്രിക്കു രണ്ടു മാസത്തോളം മുന്‍പു കാബിനറ്റ് പദവിയോടെ നിയമനം നല്‍കിയെങ്കിലും അദ്ദേഹത്തിന് ആ കസേരയില്‍ ഇനിയും ഇരിക്കാനായിട്ടില്ല. സ്റ്റാഫിന്റെ കാര്യത്തിലും തര്‍ക്കം തുടരുന്നു. 13 പേരെയാണു വിഎസിന് അനുവദിച്ചത്. അതില്‍ കൂടുതല്‍ പേര്‍ വേണം എന്നതാണ് അച്യുതാനന്ദന്റെ ആവശ്യം. പ്രതിപക്ഷനേതാവായിരിക്കെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എ.ജി. ശശിധരന്‍നായരുടെ കാര്യത്തില്‍ വിഎസിനു താല്‍പര്യമുണ്ടായിരുന്നുവെങ്കിലും 60 കഴിഞ്ഞവരെ സ്റ്റാഫില്‍ വേണ്ട എന്നതാണു പാര്‍ട്ടി തീരുമാനം എന്നതിനാല്‍ ആരെയും നിയമിച്ചിട്ടില്ല. പ്രതിപക്ഷനേതാവിന്റെ സ്റ്റാഫില്‍ നിന്നും പാര്‍ട്ടിയില്‍ നിന്നും സിപിഎം നീക്കിയ വി.കെ. ശശിധരന്റെ പേര് വിഎസ് വീണ്ടും എഴുതിക്കൊടുത്തപ്പോള്‍ അതു വെട്ടാനും പ്രായക്കൂടുതല്‍ കാരണമായി പാര്‍ട്ടി ചൂണ്ടിക്കാട്ടി.
അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറിയുടെ ഒരു തസ്തിക പോലും ഇല്ല എന്നതാണു മറ്റൊരു പരാതി. അനുവദിക്കപ്പെട്ട സ്റ്റാഫിന്റെ ശമ്ബളസ്കെയിലും നിശ്ചയിച്ച്‌ അറിയിച്ചിട്ടില്ല. നിയമസഭയില്‍ മുറി ആവശ്യപ്പെട്ട വിഎസിനു രണ്ടാംനിലയില്‍ മന്ത്രിമാര്‍ക്കൊപ്പം 636-ാം നമ്ബര്‍ മുറി ഇതിനിടെ സ്പീക്കര്‍ അനുവദിച്ചു. ഇവിടെ ബോര്‍ഡ് വച്ചിട്ടില്ല. കമ്മിഷന്റെ കാര്യത്തില്‍ സര്‍ക്കാരിന്റെ മെല്ലെപ്പോക്കിനോടുള്ള അമര്‍ഷം കൂടിയാണ് യുഡിഎഫ് സമരത്തോടുള്ള വിഎസിന്റെ അനുഭാവത്തില്‍ അടങ്ങിയതെന്നു കരുതുന്നവരുണ്ട്. സമരത്തോടുള്ള സര്‍ക്കാര്‍ സമീപനം തെറ്റാണ് എന്ന വിവാദ പ്രതികരണം തിരുത്താന്‍ സമയം കൂടുതലെടുത്തതു സംസ്ഥാന കമ്മിറ്റി യോഗത്തില്‍ പങ്കെടുത്തുകൊണ്ടിരുന്നതു മൂലമാണ് എന്നാണ് ഇതേസമയം അദ്ദേഹം പലരോടും വിശദീകരിച്ചത്.

NO COMMENTS

LEAVE A REPLY