തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകരെ കോടതിയില്‍നിന്ന് അകറ്റിനിര്‍ത്തുന്ന നടപടി അവസാനിപ്പിക്കാന്‍ അടിയന്തരനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഭരണപരിഷ്കാര കമ്മിഷന്‍ ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചു. ഇതുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വിധി വരുന്നതിനു കാത്തുനില്‍ക്കാതെ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വിരലിലെണ്ണാവുന്ന അഭിഭാഷകരുടെ ദുര്‍വാശിയും ദുരഭിമാനവും ജനാധിപത്യവിരുദ്ധ സമീപനവുംമൂലമാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിയാതെ വന്നിരിക്കുന്നത്. കോടതി നടപടികള്‍ നിര്‍വിഘ്നം തുടരേണ്ടതുപോലെതന്നെ മാധ്യമപ്രവര്‍ത്തന സ്വാതന്ത്ര്യവും സാധ്യമാക്കേണ്ടത് ഭരണഘടനാപരമായ ചുമതലയാണ്. ഈ പ്രശ്നം കൂടുതല്‍ വഷളാകാതെ പരിഹരിക്കാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസാണ് ശക്തമായ ഇടപെടല്‍ നടത്തേണ്ടതെന്നും അതിന് ഇനി വൈകരുതെന്നും വി.എസ്. കത്തില്‍ പറഞ്ഞു.