തിരുവനന്തപുരം • വി.എസ്.അച്യുതാനന്ദന്‍റെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍. നടക്കുന്നതിനിടെ രക്തസമ്മര്‍ദം ഉയര്‍ന്നതിനെത്തുടര്‍ന്നു കഴിഞ്ഞ ദിവസമാണ് വിഎസിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തിലായിരുന്ന വിഎസിനെ രാവിലെ പത്തോടെ മുറിയിലേക്ക് മാറ്റി. എംആര്‍ഐ സ്കാന്‍ എടുത്തിനുശേഷം ആശുപത്രിയില്‍ തുടരണോ വേണ്ടേ എന്ന കാര്യം തീരുമാനിക്കും. ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്ബോള്‍ രക്തസമ്മര്‍ദം ഉയര്‍ന്ന നിലയിലായിരുന്നു. ഇപ്പോള്‍ രക്തസമ്മര്‍ദം സാധാരണ നിലയിലായിട്ടുണ്ട്. യൂണിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ വ്യാഴാഴ്ച വൈകിട്ട് നടക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്നു വിഎസ് ഔദ്യോഗിക വസതിയായ കവടിയാര്‍ ഹൗസിലേക്ക് മടങ്ങിപോകുകയായിരുന്നു. വീട്ടില്‍ വിശ്രമിച്ചിട്ടും തലചുറ്റല്‍ മാറാത്തതിനെത്തുടര്‍ന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇസിജി,എക്കോ പരിശോധനകളില്‍ പ്രശ്നമൊന്നും കണ്ടെത്തിയിട്ടില്ല.