അനധികൃത നിര്‍മ്മാണങ്ങള്‍ പിഴ ഈടാക്കി സാധൂകരിക്കരുതെന്ന് സര്‍ക്കാരിന് വി.എസ് അച്യുതാനന്ദന്‍റെ മുന്നറിയിപ്പ്. ഇത്തരം നടപടികള്‍ അനധികൃത നിര്‍മ്മാണം പ്രോത്സാഹിപ്പിക്കുമെന്ന് വിഎസിന്റെ വാര്‍ത്താകുറിപ്പില്‍ പറയുന്നു. തദ്ദേശ സ്വയം ഭരണ വകുപ്പിനെ ലക്ഷ്യംവെച്ചാണ് വി.എസിന്‍റെ പ്രധാന ആരോപണം. 15,000 ചതുരശ്ര അടിയില്‍ താഴെയുള്ള നിര്‍മ്മാണങ്ങള്‍ക്ക് വന്‍തുക പിഴ ഈടാക്കി നിയവിധേയമാക്കാനുള്ള നീക്കം തദ്ദേശ സ്വയം ഭരണ വകുപ്പില്‍ നടന്നുവരുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പുമായി വി.എസ് രംഗത്തെത്തിയത്. അനധികൃത നിര്‍മ്മാണങ്ങള്‍ക്ക് പിഴ ഈടാക്കി അംഗീകാരം നല്‍കിയാല്‍ അത് അത്തരം നിര്‍മ്മാണങ്ങള്‍ക്കുള്ള പ്രോത്സഹനമായി മാറും. കഴിഞ്ഞ സര്‍ക്കാറിന്‍റെ കാലത്തും ഇത്തരം നിര്‍മ്മാണങ്ങളെ താന്‍ ശക്തിയുക്തം എതിര്‍ത്തിട്ടുണ്ട്. ഇപ്പോഴത്തെ സര്‍ക്കാറിന്‍റെ ഈ നടപടിയും അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പ്രസ്താവനയില്‍ പറയുന്നു.
കഴിഞ്ഞ സര്‍ക്കാറിന്‍റെ കാലത്ത് അനുമതി നല്‍കിയ വിവിധ അനധികൃത നിര്‍മ്മാണങ്ങള്‍ക്കെതിരെ നിയമസഭയ്ക്ക് അകത്തും പുറത്തും വി.എസ് നിരവധി പോരാട്ടങ്ങള്‍ നടത്തിയിരുന്നു. നിയമം ലഘിച്ച് നിര്‍മ്മിച്ച ചില അപാര്‍ട്ടുമെന്റുകള്‍, ഫ്ലാറ്റുകള്‍, തീരപ്രദേശത്ത് അനധികൃതമായി നടത്തിയ നിരവധി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്നിവയെപ്പറ്റിയെല്ലാം വി.എസ് ശബ്ദമുയര്‍ത്തിയിരുന്നു. ഇവയില്‍ പല ആരോപണങ്ങളെക്കുറിച്ചും ഇപ്പോള്‍ വിജിലന്‍സ് അന്വേഷണം പുരോഗമിക്കുകയാണ്. ഈ നിയമനങ്ങളൊന്നും ഇതുവരെ സര്‍ക്കാര്‍ നിയമവിധേയമാക്കിയിട്ടില്ല.