തിരുവനന്തപുരം: ഭരണ പരിഷ്കാര കമ്മിഷന്‍ ഓഫിസിന്റെ കാര്യത്തില്‍ അതൃപ്തി വീണ്ടും പരസ്യമാക്കി വി.എസ് അച്യുതാനന്ദന്‍. ഓഫിസിന് അസൗകര്യങ്ങളുണ്ടെന്നും ഇക്കാര്യം ബന്ധപ്പെട്ടവരെ അറിയിക്കുമെന്നും വി.എസ് വ്യക്തമാക്കി. ഐ.എം.ജിയില്‍ അനുവദിച്ച ഓഫിസ് സന്ദര്‍ശിച്ച ശേഷമായിരുന്നു വി.എസിന്‍റെ പ്രതികരണം. ഭരണ പരിഷ്കാര കമ്മിഷന് ഐ.എം.ജിയില്‍ ഓഫീസ് അനുവദിച്ചശേഷം ആദ്യമായാണ് വി.എസ് അച്യുതാനന്ദന്‍ ഇന്ന് ഓഫീസ് സന്ദര്‍ശിക്കാനെത്തിയത്. ഓഫീസിലെ സൗകര്യങ്ങള്‍ നേരിട്ട് വിലയിരുത്തിയ വി.എസ് അതൃപ്തി പരസ്യമാക്കി. ഓഫീസില്‍ ആവശ്യമായ സൗകര്യങ്ങളില്ലെന്ന് വി.എസ് പറഞ്ഞു. ഐ.എം.ജിയില്‍ ഓഫിസ് അനുവദിച്ച സര്‍ക്കാര്‍ നടപടിക്കെതിരെ വി.എസ് ആദ്യം മുതല്‍ രംഗത്തെത്തിയിരുന്നു. ഇത് വ്യക്തമാക്കി വി.എസ് രണ്ടുതവണ മുഖ്യമന്ത്രിക്ക് കത്തും നല്‍കിയിരുന്നു. സെക്രട്ടേറിയറ്റില്‍ തന്നെ ഓഫിസ് അനുവദിക്കണമെന്നായിരുന്നു ആവശ്യം. എന്നാലിത് മുഖ്യമന്ത്രിയും പാര്‍ട്ടിയും തള്ളിയതോടെയാണ് ഓഫീസ് സന്ദര്‍ശിക്കാന്‍ വി.എസ് എത്തിയത്. ഓഫീസില്‍ തുടരുമോ എന്നത് കൂടുതല്‍ പരിശോധനകള്‍ക്കുശേഷം തീരുമാനിക്കുമെന്നും വി.എസ് വ്യക്തമാക്കി.