തിരുവനന്തപുരം: കാസര്‍കോട് തുറന്ന ജയിലില്‍ ‘ഗോമാതാ പൂജ’ നടത്തി അന്ധവിശ്വാസം പ്രചരിപ്പിക്കാന്‍ കൂട്ടുനിന്ന ജയില്‍ സൂപ്രണ്ടിനെതിരെ അന്വേഷണം നടത്തി ഉചിതമായ നടപടി സ്വീകരിക്കണമെന്ന് ഭരണപരിഷ്കാര കമ്മീഷന് ചെയര്മാന് വി എസ് അച്യുതാനന്ദന് തന്റെ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ സന്ധിയില്ലാത്ത പോരാട്ടം നടത്തിയാണ് കേരളം അതിന്റെ വജ്രജൂബിലിയില്‍ എത്തിനില്‍ക്കുന്നത്. ഇത്തരത്തിലുള്ള അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തിരിച്ചുകൊണ്ടുവരാന്‍ ശ്രമിക്കുന്നത് തീര്‍ത്തും അപലപനീയമായ കാര്യമാണ്. വ്യാജ സന്യാസി എന്ന് ആരോപിക്കപ്പെട്ട ഒരാളുടെ കാര്‍മികത്വത്തില്‍ ആര് എസ് എസുകാര്‍ ഉള്‍പ്പെടെ ചേര്‍ന്ന് ജയിലില്‍ ഇത്തരം ഒരു പൂജ നടത്തിയതിന്റെ ദൃശ്യങ്ങളും വിവരങ്ങളുമാണ് പുറത്തു വന്നിട്ടുള്ളത്. ഈ പശ്ചാത്തലത്തില്‍ ഇത്തരം അസംബന്ധ നടപടികള്‍ക്ക് സഹായം ചെയ്ത ജയില്‍ സൂപ്രണ്ടിനും മറ്റു ഉദ്യോഗസ്ഥര്‍ക്കുമെതിരെ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നും വി.എസ്.ആവശ്യപ്പെട്ടു.