പാലക്കാട്: സ്ത്രീപീഡന കേസുകളില്‍ പ്രതികളുമായി ചേര്‍ന്ന് നേട്ടമുണ്ടാക്കാനാണ് പൊലിസിന്റെ ശ്രമമെന്ന് ഭരണ പരിഷ്കരണ കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍ ആരോപിച്ചു. വാളയാറില്‍ മരണപ്പെട്ട പെണ്‍കുട്ടികളുടെ വീട് സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് വി.എസ് അച്യുതാനന്ദന്‍ പൊലീസിനെതിരെ ആഞ്ഞടിച്ചത്. ഇത്തരം സംഭവങ്ങളില്‍ പല സ്ഥലത്തും പൊലീസ് കഴിവുകേടാണ് പൊലീസ് കാണിക്കുന്നത്. വാളയാര്‍ കേസില്‍ പ്രതികളെ കണ്ടെത്തി അവര്‍ക്ക് ശക്തമായ ശിക്ഷ വാങ്ങിക്കൊടുക്കാനുള്ള നടപടികള്‍ പൊലീസ് സ്വീകരിച്ചില്ല. കുറ്റവാളികളെ രക്ഷിക്കുന്ന നിലപാടിയിരുന്നു പൊലീസ് സ്വീകരിച്ചത്. അതുകൊണ്ടുതന്നെ പൊലീസിന് അര്‍ഹമായ ശിക്ഷ ലഭിക്കാനുള്ള നടപടിയാണ് സര്‍ക്കാര്‍ സ്വീകരിക്കേണ്ടത്. പെണ്‍കുട്ടികളുടെ കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരവും നല്‍കണമെന്നും വി.എസ് ആവശ്യപ്പെട്ടു. എന്നാല്‍ വാളയാര്‍ കേസില്‍ സി.പി.എം നേതാക്കള്‍ പ്രതികള്‍ക്ക് അനുകൂലമായി ഇടപെട്ടു എന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും വി.എസ് പറഞ്ഞു.