ഭരണപരിഷ്കാര കമ്മിഷനെ സര്‍ക്കാര്‍ കാര്യങ്ങളൊന്നും അറിയിക്കുന്നില്ലെന്ന് അധ്യക്ഷന്‍ വി.എസ്.അച്യുതാനന്ദന്‍

222

തിരുവനന്തപുരം• ഭരണപരിഷ്കാര കമ്മിഷനെ സര്‍ക്കാര്‍ കാര്യങ്ങളൊന്നും അറിയിക്കുന്നില്ലെന്ന് അധ്യക്ഷന്‍ വി.എസ്.അച്യുതാനന്ദന്‍. ഓഫിസ് കാര്യങ്ങളിലടക്കം ആശയവിനിമയം നടക്കുന്നില്ല. ഇതില്‍ അതൃപ്തി അറിയിച്ച്‌ വിഎസ്, ചീഫ് സെക്രട്ടറി എസ്.എം.വിജയാനന്ദിനു കത്തയച്ചു. സെക്രട്ടേറിയറ്റിലോ അനക്സിലോ ഓഫിസ് അനുവദിക്കണമെന്നാണ് വിഎസ് ആവശ്യപ്പെട്ടിരുന്നത്. കൂടാതെ, കവടിയാര്‍ ഹൗസ് ഔദ്യോഗിക വസതിയായി നല്‍കണമെന്നും വിഎസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതു രണ്ടിനോടും സര്‍ക്കാരിന് അനുകൂല സമീപനമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.ഓഫിസിന്റെയും ഔദ്യോഗിക വസതിയുടെയും കാര്യത്തില്‍ താങ്കള്‍ നേരത്തേ ഉറപ്പു നല്‍കിയിരുന്നെന്നും എന്നാല്‍ കടകവിരുദ്ധമായാണ് തീരുമാനമെന്നും വിഎസ് കത്തില്‍ പറയുന്നു.

ഐഎംജിയിലാണ് കമ്മിഷന് ഓഫിസ് അനുവദിച്ചിരിക്കുന്നത്.അതേസമയം, തന്റെ സ്റ്റാഫിന്റെ അംഗബലവും മറ്റും സര്‍ക്കാര്‍ നിശ്ചയിക്കുന്നതിനു മുന്‍പു തന്നോട് ആലോചിച്ചില്ല എന്ന പ്രതിഷേധവും അച്യുതാനന്ദനുണ്ട്. മന്ത്രിമാര്‍ക്ക് 25 പേരെ പഴ്സനല്‍ സ്റ്റാഫില്‍ നിയോഗിക്കാമെങ്കിലും കാബിനറ്റ് പദവിയുള്ള വിഎസിനു 15 പേരെയാണു നിശ്ചയിച്ചത്.ഓഫിസടക്കമുള്ള കാര്യങ്ങളില്‍ സര്‍ക്കാരിനു മെല്ലെപ്പോക്കാണെന്നാണു മറ്റൊരു പരാതി. സര്‍ക്കാര്‍ ചോദിച്ചപ്പോള്‍ പദവി ഏറ്റെടുക്കാം എന്ന സമ്മതപത്രം നല്‍കിയതല്ലാതെ ഏറ്റെടുത്തിട്ടില്ലെന്നും പ്രശ്നങ്ങള്‍ തീര്‍ന്നിട്ടില്ലെന്നുമാണു വിഎസ് ഇന്നലെ അറിയിച്ചത്.

NO COMMENTS

LEAVE A REPLY