ശ്രീകാര്യം: വിശ്വമാനവികതയുടെ പ്രവാചകനായിരുന്ന ശ്രീനാരായണഗുരുവിനെ ഹിന്ദു സന്യാസിയാക്കാനുള്ള ഫാസിസ്റ്റ് ശക്തികളുടെ നീക്കം സമൂഹം തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കണമെന്നു മന്ത്രി വി.എസ്. സുനില്‍ കുമാര്‍. ചെന്പഴന്തി ശ്രീനാരായണ ഗുരുകുലത്തില്‍ 89-ാമതു ശ്രീനാരായണഗുരു സമാധിദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗുരുദേവന്‍റെ സന്ദേശങ്ങളും ദര്‍ശനങ്ങളും ഭയക്കുന്നവര്‍ ഗുരുവിനെ പോക്കറ്റിലാക്കാന്‍ ശ്രമിക്കുകയാണ്. നവോത്ഥാനനായകരെ കൈയിലെടുക്കുക അല്ലെങ്കില്‍ വധിക്കുക എന്ന ഫാസിസ്റ്റ് നയം ഭയാനകമായ രീതിയില്‍ ഇന്ത്യയിലും പ്രയോഗിക്കുന്നു. ഗുരുവിനെ ഹിന്ദു സന്യാസിയാക്കാന്‍ ശ്രമിക്കുന്നതും ഓണത്തിനു വാമനജയന്തി ആഘോഷിക്കുന്നതുമെല്ലാം അതിന്‍റെ ചുവടുവയ്പ്പാണ്.ഗാന്ധിജിയെ കൊന്നെങ്കിലും ഗാന്ധിദര്‍ശനങ്ങളെ കൊല്ലാന്‍ കഴിയില്ലെന്നപോലെ ശ്രീനാരായണദര്‍ശനങ്ങളെ കൊല്ലാന്‍ കഴിയാത്തതിനാല്‍ ഇത്തരം ഫാസിസ്റ്റ് ശക്തികള്‍ക്കെതിരായ പടവാള്‍ ശ്രീനാരായണദര്‍ശനങ്ങളായിരിക്കണമെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു.
ചട്ടന്പിസ്വാമിയും ഗുരുദേവനും അയ്യന്‍കാളിയും സാമൂഹിക മാറ്റത്തിനുവേണ്ടി ഒരേ കാലഘട്ടത്തില്‍ പടപൊരുതിയ നവോത്ഥാന നായകന്മാരായിരുന്നു. ചാതുര്‍വര്‍ണ്യത്തിലെ നാലു കഴിഞ്ഞ് പഞ്ചമന്‍ എന്ന് വിളിക്കപ്പെട്ട നിസ്വവര്‍ഗത്തിന്‍റെ വക്താവായി ഭാരതീയ ചിന്തകളിലൂടെയും പ്രപഞ്ചസത്യങ്ങളിലൂടെയുമുള്ള സഞ്ചാരത്തിലൂടെയാണ് ഗുരു ലോകത്തിന് മാനവസ്നേഹത്തിന്‍റെ വെള്ളിവെളിച്ചം പകര്‍ന്നതെന്നും മന്ത്രി പറഞ്ഞു.
ശ്രീനാരായണ ദര്‍ശനങ്ങളുടെ എല്ലാ നന്മകളില്‍നിന്നും എസ്.എന്‍.ഡി.പി. യോഗം മാറിപ്പോകുന്ന അവസ്ഥയാണുള്ളതെന്നും ഗുരുവിനെ ദുര്‍വ്യാഖ്യാനം ചെയ്യാനുള്ള ശ്രമങ്ങളെ ഗുരുദര്‍ശനം കൊണ്ട് നേരിടണമെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗം അജയ് തറയില്‍, ഡോ. കെ.എല്‍. വിവേകാനന്ദന്‍, ഡോ.പി. ചന്ദ്രമോഹന്‍, ഡോ.ഷാജി പ്രഭാകരന്‍, ഡോ.എം.ആര്‍. യശോധരന്‍, ഗുരുകുലം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, രാജേഷ് ചെന്പഴന്തി എന്നിവര്‍ പ്രസംഗിച്ചു.