സ്ത്രീശാക്തീകരണത്തിന്റെ ഉത്തമോദാഹരണമായി വിമൺ എൻജിനിയേർഡ് സാറ്റലൈറ്റ് – വീസാറ്റ് പുതുവർഷപ്പുലരിയിൽ ബഹിരാ കാശത്തേക്ക് കുതിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ – സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. വനിതകളുടെ നേതൃത്വത്തിൽ രൂപകല്പന ചെയ്ത രാജ്യത്തെ ആദ്യ ഉപഗ്രഹവും കേരളത്തിലെ ആദ്യത്തെ വിദ്യാർഥി ഉപഗ്രഹവുമാണ് തിരുവനന്തപുരം പൂജപ്പുരയിലെ എൽ.ബി.എസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഫോർ വിമണിലെ വിദ്യാർഥിനി പ്രതിഭകൾ ഒരുക്കിയ വീസാറ്റ്.
ജനുവരി 1 ന് രാവിലെ 9.10ന് വീസാറ്റ് ബഹിരാകാശയാത്ര ആരംഭിച്ച് പി.എസ്.എൽ.വി സി-58ന്റെ ഭാഗമാകും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ (SDSC) ഷാറിൽ (SHAR) നിന്നാണ് വിക്ഷേപണം. അഭിമാനനേട്ടത്തിന് സാക്ഷ്യം വഹിക്കാൻ ടീം വീസാറ്റ് ഡിസംബർ 31 ന് രാവിലെ ആറു മണിക്ക് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടും. എൽ.ബി.എസ് ക്യാമ്പസിന്റെ വലിയ സ്‌ക്രീനിൽ രാവിലെ എട്ടു മണി മുതൽ ചരിത്രസംഭവത്തിന് സാക്ഷ്യം വഹിക്കാൻ അവസരമൊരുക്കുമെന്ന് മന്ത്രി പറഞ്ഞു.
തിളക്കമാർന്ന നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ച എൽ.ബി.എസ് ക്യാമ്പസിലെ അധ്യാപകരടക്കമുള്ള മുഴുവൻ സംഘാംഗങ്ങളെയും മന്ത്രി അഭിനന്ദിച്ചു.