തിരുവനന്തപുരം: സംസ്ഥാനത്ത് 18 വയസിന് മുകളിലുള്ളവര്‍ക്കുള്ള വാക്‌സിനേഷന്‍ ആരംഭിക്കുന്നു. 18നും 45നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് മുന്‍ഗണന അടിസ്ഥാനത്തില്‍ നാളെ മുതല്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. തിങ്കളാഴ്ച മുതലാണ് വാക്‌സിന്‍ വിതരണം ചെയ്യാന്‍ ആരംഭിക്കുക.
സംസ്ഥാനത്ത് കൊവിഷീല്‍ഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ച് 84 ദിവസം പൂര്‍ത്തിയായവര്‍ക്ക് മാത്രമേ നാളെ മുതല്‍ രണ്ടാമത്തെ ഡോസ് അനുവദിക്കുകയുള്ളൂവെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം നല്‍കിയിട്ടുള്ള പുതുക്കിയ മാര്‍ഗനിര്‍ദ്ദേശം അനുസരിച്ചാണ് ഈ മാറ്റം. ഇതുപ്രകാരം 12 മുതല്‍ 16 ആഴ്ചകള്‍ക്കുള്ളില്‍ കൊവിഷീല്‍ഡ് രണ്ടാമത്തെ ഡോസ് എടുത്താല്‍ മതിയാകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
രണ്ടാം ഡോസ് എടുക്കുമ്ബോള്‍ 84 മുതല്‍ 112 ദിവസങ്ങളുടെ ഇടവേള കൊവിഷീല്‍ഡിന് കൂടുതല്‍ ഫലപ്രാപ്തി നല്‍കുന്നു എന്ന് കണ്ടെത്തിയതിനാലാണ് രണ്ട് ഡോസുകള്‍ തമ്മിലുള്ള ഇടവേള വര്‍ധിപ്പിച്ചത്. എന്നാല്‍, കൊവാക്‌സിന്‍ രണ്ടാമത്തെ ഡോസ് മുന്‍പ് നിശ്ചയിച്ചതുപോലെ 4 മുതല്‍ 6 ആഴ്ചകള്‍ക്കുള്ളില്‍ എടുക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ തിരക്ക് കൂട്ടേണ്ട കാര്യമില്ലെന്നും എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.