സംസ്ഥാനത്ത് 12 മുതൽ 14 വയസുവരെയുള്ള കുട്ടികളുടെ കോവിഡ് വാക്സിനേഷൻ മാർച്ച് 16 മുതൽ പൈലറ്റടിസ്ഥാനത്തിൽ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ജില്ലകളിൽ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിലായിരിക്കും വാക്സിനേഷൻ നടത്തുക. ഈ കേന്ദ്രങ്ങളുടെ സ്ഥലവും സമയവും ജില്ലാതലത്തിൽ അറിയിക്കും. കുട്ടികളുടെ വാക്സിനേഷൻ സംബന്ധിച്ച് ആരോഗ്യ വകുപ്പ് വിശദമായ മാർഗരേഖ പുറത്തിറക്കും.
മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന ഉന്നതതല യോഗത്തിലാണ് തീരുമാനമെടുത്തത്.വിദ്യാഭ്യാസ വകുപ്പുമായി ആലോചിച്ച് വാക്സിനേഷൻ എല്ലാവരിലും എത്തിക്കാനുള്ള ക്രമീകരണം ഏർപ്പെടുത്തും. ഇപ്പോൾ പരീക്ഷാ കാലമാണ്. അത് കഴിഞ്ഞുള്ള വെക്കേഷൻ സമയത്ത് വാക്സിനേഷൻ ഫലപ്രദമായി നടപ്പിലാക്കാൻ പദ്ധതി ആവിഷ്‌ക്കരിക്കും. ചെറിയ കുട്ടികളായതിനാൽ രക്ഷിതാക്കളുടെ ആശങ്ക മനസിലാക്കി കൃത്യമായ ആസൂത്രണം നടത്തിയായിരിക്കും വാക്സിനേഷൻ നടത്തുക.
വാക്സിനേഷന് പ്രത്യേക ശ്രദ്ധയും കരുതലും വേണമെന്ന് മന്ത്രി നിർദേശം നൽകി. നിലവിൽ മുതിർന്നവരുടെ വാക്സിനേഷൻ കേന്ദ്രത്തിന്റെ ബോർഡ് നീലയും 15 മുതൽ 17 വയസുവരെയുള്ളവരുടെ വാക്സിനേഷൻ കേന്ദ്രത്തിന്റെ ബോർഡ് പിങ്കുമാണ്. മുതിർന്നവർക്ക് കോവിഷീൽഡും, കോവാക്സിനും 15 മുതൽ 17 വയസുവരെയുള്ളവർക്ക് കോവാക്സിനുമാണ് നൽകുന്നത്. 12 മുതൽ 14 വയസുവരെയുള്ള കുട്ടികൾക്ക് പുതിയ കോർബിവാക്സാണ് നൽകുന്നത്. അതിനാൽ വാക്സിനുകൾ മാറാതിരിക്കാൻ മറ്റൊരു നിറം നൽകി പ്രത്യേക ക്രമീകരണം ഏർപ്പെടുത്തും.
2010ൽ ജനിച്ച എല്ലാവർക്കും രജിസ്റ്റർ ചെയ്യാൻ കഴിയുമെങ്കിലും വാക്സിൻ എടുക്കുന്ന ദിവസം 12 വയസ് പൂർത്തിയാൽ മാത്രമേ വാക്സിൻ നൽകുകയുള്ളൂ. 2010 മാർച്ച് 16ന് മുമ്പ് ജനിച്ച കുട്ടികൾക്ക് വാക്സിനെടുക്കാൻ സാധിക്കും. അതുപോലെ അവരുടെ ജനനത്തീയതി വരുന്ന മുറയ്ക്ക് ബാക്കിയുള്ളവർക്കും വാക്സിനെടുക്കാൻ സാധിക്കും.
ഓൺലൈൻ വഴിയും സ്പോട്ട് രജിസ്ട്രേഷൻ വഴിയും കുട്ടികൾക്ക് വാക്സിൻ സ്വീകരിക്കാം. കേന്ദ്ര പോർട്ടലായ കോവിന്നിൽ 12 മുതൽ 14 വയസുവരെയുള്ള കുട്ടികൾക്ക് രജിസ്റ്റർ ചെയ്യാനുള്ള സംവിധാനം ആയിട്ടില്ല. അതിന് ശേഷമേ ഓൺലൈൻ രജിസ്ട്രേഷൻ നടക്കൂ.
സംസ്ഥാനത്ത് നാളെ മുതൽ 60 വയസിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും രണ്ടാം ഡോസ് കഴിഞ്ഞ് 9 മാസത്തിന് ശേഷം കരുതൽ ഡോസ് എടുക്കാം.
ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ എൻ. ഖോബ്രഗഡെ, എൻ.എച്ച്.എം. സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ. രത്തൻ ഖേൽക്കർ, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. വി.ആർ. രാജു, അഡീഷണൽ ഡയറക്ടർമാർ, ഡെപ്യൂട്ടി ഡയറക്ടർമാർ, ഡിഎംഒമാർ, ആർസിഎച്ച് ഓഫീസർമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.