രാജ്യത്ത് വാക്‌സിന്‍ ക്ഷാമം രൂക്ഷം – 18 വയസിന് മുകളിലുള്ളവര്‍ക്കുള്ള കുത്തവെയ്പ്പ് ഇന്ന് തുടങ്ങാനാവില്ല – വാക്‌സിന്‍ ദൗര്‍ലഭ്യം ചൂണ്ടിക്കാട്ടി വിവിധ സംസ്ഥാനങ്ങൾ രംഗത്ത്

22

ന്യൂഡല്‍ഹി: രാജ്യത്ത് വാക്‌സിന്‍ ക്ഷാമം രൂക്ഷം. വാക്‌സിന്‍ സ്റ്റോക്ക് ക്ഷാമത്തെ തുടര്‍ന്ന് ഇന്നല്ല , ഈ മാസം പോലും 18 വയസിന് മുകളിലുള്ളവര്‍ക്കുള്ള കുത്തവെയ്പ്പ് തുടങ്ങാനാവില്ലെന്ന് പല സംസ്ഥാനങ്ങളും അറിയിച്ചു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളാണ് വാക്‌സിന്‍ ദൗര്‍ലഭ്യം ചൂണ്ടിക്കാട്ടി രംഗത്തെത്തിയത്.

ഡൽഹി മുഖ്യമന്ത്രി

ആവശ്യമായ വാക്സിന്‍ ഇതുവരെ ലഭിച്ചിട്ടില്ലെന്നും വാക്സിനെടുക്കാനായി ജനങ്ങളാരും വാക്സിന്‍ കേന്ദ്രങ്ങളിലേക്ക് വരേണ്ടെന്നും വൈകാതെ തന്നെ മൂന്ന് ലക്ഷം കോവിഷീല്‍ഡ് വാക്സിന്‍ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ വ്യക്തമാക്കി .

ആന്ധ്രപ്രദേശ്

സെപ്റ്റംബറില്‍ മാത്രമേ 18 വയസിന് മുകളിലുള്ളവര്‍ക്കുള്ള വാക്‌സിനേഷന്‍ ആരംഭിക്കാനാകൂവെന്നാണ് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി കഴിഞ്ഞ ദിവസം അറിയിച്ചത്.

മഹാരാഷ്ട്ര ആരോഗ്യമന്ത്രി

അടിയന്തരമായി 25-30 ലക്ഷം വാക്സിന്‍ ലഭിച്ചിട്ടില്ലെങ്കില്‍ മൂന്നാംഘട്ട വാക്സിനേഷന്‍ ആരംഭിക്കാനാകി ല്ലെന്ന് മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് ടോപെ അറിയിച്ചു.ആവശ്യത്തിന് വാക്സിന്‍ ലഭ്യമല്ലാത്തതിനാല്‍ മുംബൈയില്‍ അടുത്ത മൂന്ന് ദിവസത്തേക്ക് വാക്സിനേഷന്‍ നിര്‍ത്തിവെച്ചതായി മുംബൈ കോര്‍പ്പറേഷനും അറിയിച്ചിരുന്നു.

കര്‍ണാടക ആരോഗ്യമന്ത്രി

കര്‍ണാടകയിലും മൂന്നാംഘട്ട വാക്സിനേഷന്‍ വൈകും. ആവശ്യമായ വാക്സിന്‍ സ്റ്റോക്ക് സംസ്ഥാനത്തില്ലെന്നും 18-45 വയസിന് ഇടയിലുള്ളവര്‍ ഒരറിയിപ്പില്ലാതെ വാക്സിന്‍ കേന്ദ്രങ്ങളിലേക്ക് വരേണ്ടെന്നും കര്‍ണാടക ആരോഗ്യമന്ത്രി ഡോ. കെ സുധാകര്‍ അറിയിച്ചു.

പശ്ചിമ ബംഗാള്‍ പഞ്ചാബ്, ജാര്‍ഖണ്ഡ് സര്‍ക്കാര്‍

വാക്സിനേഷന്‍ തുടരാനും 18 വയസിന് മുകളിലുള്ളവര്‍ക്ക് കുത്തിവെപ്പ് നല്‍കാനുമായി കേന്ദ്രം മൂന്ന് കോടി ഡോസ് വാക്സിന്‍ വിതരണം ചെയ്യണമെന്ന് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. മൂന്നാംഘട്ട വാക്സിനേഷന്‍ ശനിയാഴ്ച മുതല്‍ ആരംഭിക്കാനാകില്ലെന്ന് പഞ്ചാബ്, ജാര്‍ഖണ്ഡ് സര്‍ക്കാരുകളും അറിയിച്ചിട്ടുണ്ട്.

ഉത്തര്‍പ്രദേശ് ആരോഗ്യ മന്ത്രി

അതെ സമയം സംസ്ഥാനത്ത് മൂന്നാം ഘട്ട വാക്‌സിനേഷന് വേണ്ട വാക്‌സിന്‍ സ്റ്റോക്കില്ലെന്നും നിലവിലെ വാക്‌സിനുകളുടെ സ്റ്റോക്ക് 45-ന് മുകളിലുള്ള ഗ്രൂപ്പിന്റെ രണ്ടാമത്തെ ഡോസ് കവര്‍ ചെയ്യുന്നതിന് മാത്രമേ ലഭ്യമാകൂ’ എന്നും ഉത്തര്‍പ്രദേശ് ആരോഗ്യ മന്ത്രി അറിയിച്ചു .

ഗോവ മുഖ്യമന്ത്രി

അഞ്ച് ലക്ഷം വാക്സിന് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ടെന്നും ഇതു ലഭ്യമായാല്‍ 18-45 വയസിന് ഇടയിലുള്ളവരുടെ വാക്സിനേഷന്‍ ആരംഭിക്കുമെന്നു ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ദ് അറിയിച്ചു .

മധ്യപ്രദേശ് മുഖ്യമന്ത്രി

ആവശ്യമായ വാക്സിന്‍ വിതരണം ചെയ്യാന്‍ വാക്സിന്‍ നിര്‍മാതാക്കള്‍ക്ക് സാധിക്കാത്തതിനാല്‍ മൂന്നാംഘട്ട വാക്സിനേഷന്‍ ശനിയാഴ്ച ആരംഭിക്കാനാകില്ലെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി വ്യക്തമാക്കി. എന്നാല്‍ 45 വയസിന് മുകളിലുള്ളവരുടെ വാക്സിനേഷന്‍ തുടരുമെന്നും അദ്ദേഹം അറിയിച്ചു.

കേരളം

കേരളത്തിലും വാക്‌സിന്‍ ദൗര്‍ലഭ്യം രൂക്ഷമായതിനെ തുടര്‍ന്ന് ശനിയാഴ്ച ആരംഭിക്കാനിരുന്ന 18 നുമേല്‍ പ്രായമായവര്‍ക്കുള്ള കോവിഡ് പ്രതിരോധ മരുന്നുവിതരണം വൈകുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. കമ്ബനികളില്‍നിന്ന് നേരിട്ട് ഒരുകോടി ഡോസ് വാങ്ങാനുള്ള നടപടികള്‍ സ്വീകരിച്ചിരുന്നെങ്കിലും വാക്‌സിന്‍ എന്ന് എത്തിക്കാനാകുമെന്ന് കമ്ബനികള്‍ വ്യക്തമാക്കാത്ത സാഹചര്യത്തിലാണ് വാക്‌സിനേഷന്‍ നീണ്ടുപോകുന്നത് .

കോവാക്‌സിന്‍, കോവിഷീല്‍ഡ് എന്നീ രണ്ട് വാക്‌സിനുകളാണ് രാജ്യത്ത് നിലവില്‍ വിതരണം ചെയ്തു കൊണ്ടിരിക്കുന്നത്. പ്രതിമാസം 6-7 കോടി ഡോസാണ് കോവിഷീല്‍ഡ് ഉത്പാദിപ്പിക്കുന്ന സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നിര്‍മ്മാണ ശേഷി. കോവാക്‌സിന്‍ ഉത്പാദിപ്പിക്കുന്ന ഭാരത് ബയോടെക് ഏപ്രില്‍ മാസത്തില്‍ രണ്ടു കോടി ഡോസ് വാക്‌സിനാണ് ഉത്പാദിപ്പിച്ചത്. എന്നാലിത് മാര്‍ച്ചില്‍ 1.5 കോടി ഡോസായരുന്നു.

18-45 വയസ്സിനിടയില്‍ പ്രായമുള്ളവര്‍ക്കുള്ള കോവിഡ് വാക്‌സിന്‍ കുത്തിവെപ്പിന് കോവിന്‍ സൈറ്റില്‍ വെള്ളിയാഴ്ച രാവിലെവരെ രജിസ്റ്റര്‍ ചെയ്തത് 2.45 കോടി പേരാണ് .രാജ്യത്തെ മൂന്നാം ഘട്ട കോവിഡ് പ്രതിരോധ കുത്തിവെപ്പിന്റെ ഭാഗമായി 18 ന് മുകളിലുള്ള വര്‍ക്ക് ഇന്നുമുതല്‍ വാക്‌സിനേഷന്‍ ആരംഭിക്കുമെന്ന കേന്ദ്ര സര്‍ക്കാരിന്റെ പ്രഖ്യാപനം വാക്കുകളില്‍ മാത്രം ഒതുങ്ങി

NO COMMENTS