വടകര ചോറോട് റെയിൽപ്പാളത്തിൽ സ്കൂട്ടർ വെച്ച സംഭവത്തിൽ മൂന്ന് പേരെ വടകര പൊലീസ് അറസ്റ്റ് ചെയ്തു. സംഭവം അട്ടിമറിയല്ലെന്നും സ്കൂട്ടർ ഉടമയോടുള്ള വൈരാഗ്യം തീർക്കാനായി ചെയ്തതാണെന്നും പൊലീസ് അറിയിച്ചു. എസ്.ഡി.പി.ഐ പ്രവർത്തകരാണ് അറസ്റ്റിലായത്.ചെറോട് റെയിൽവേ ഗേറ്റി ന് സമീപം റെയിൽപാളത്തിൽ സ്കൂട്ടർ വെച്ചതുമായി ബന്ധപ്പെട്ട് വടകര സ്വദേശികളായ സാജിർ, അരാഫത്ത് , അസീസ് എന്നിവരാണ് പിടിയിലായത്. സ്കൂട്ടർ ഉടമ ജാഫിർ, സുഹൃത്ത് അർഷാദ് എന്നിവരോടുള്ള വ്യക്തിവൈരാഗ്യം തീർക്കാനാണ് സ്കൂട്ടർ പാളത്തിൽ സ്ഥാപിച്ചതെന്ന് ഇവർ പോലീസിന് മൊഴി നൽകി. സെപ്തബംർ 22 നായിരുന്നു സംഭവം.അർഷാദിന്‍റെ ബൈക്ക് കത്തിച്ച പ്രതികൾ പിന്നീട് ജാഫിറിന്‍റെ സ്കൂട്ടർ പാളത്തിൽ ഉപേക്ഷിക്കുകയായിരുന്നു. എല്ലാവരും നേരത്തെ സജീവ എസ്.ഡി. പി ഐ പ്രവർത്തകരായിരുന്നു. പിന്നീട് ജാഫിറും അർഷാദും പാർട്ടിയിൽ നിന്നും അകന്നു. സ്കൂട്ടർ പാളത്തിൽ കൊണ്ട് ഇട്ട് ട്രെയിൻ ഗതാഗതം തടസ്സപെടുത്തിയാൽ ഉടമയെ പൊലീസ് പിടികൂടുമെന്ന ധാരണയാണ് കൃത്യം ചെയ്യാൻ പ്രതികളെ പ്രേരിപ്പിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.പ്രതികളുമായി പൊലീസ് റെയിൽപാളത്തിലെത്തി തെളിവെടുപ്പ് നടത്തി. സംഭവത്തിൽ റെയിൽവേ പൊലീസും അന്വേഷണം നടത്തുന്നുണ്ട്. റെയിൽപാളത്തിൽ വെച്ച സ്കൂട്ടർ ജനശതാബ്ദി ട്രെയിൻ തട്ടിത്തെറിപ്പിച്ചതിനാൽ വൻ ദുരന്തം ഒഴിവാകുകയായിരുന്നു.