തൃശ്ശൂര്‍: വടക്കാഞ്ചേരി പീഡന കേസില്‍ കോടതി നിരീക്ഷണത്തില്‍ വേണമെന്ന പരാതിക്കാരിയുടെ ആവശ്യം അംഗീകരിച്ചു. വടക്കാഞ്ചേരി ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. പത്തു ദിവസം കൂടുമ്ബോള്‍ അന്വേഷണ പുരോഗതി അറിയിക്കാനും അന്വേഷണ സംഘത്തിന് കോടതി നിര്‍ദ്ദേശം വടക്കാഞ്ചേരി മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ജയന്തന്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരായ പീഡനക്കേസ് കോടതി നിരീക്ഷണത്തില്‍ വേണമെന്നാവശ്യപ്പെട്ട് പരാതിക്കാരിയായ യുവതി വടക്കാഞ്ചേരി ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ സമീപിക്കുകയായിരുന്നു. അന്വേഷണ സംഘത്തിന്‍റെയും പരാതിക്കാരിയുടെയും വാദം കേട്ടശേഷമാണ് കോടതി നിരീക്ഷണത്തില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ടത്. പത്തുദിവസം കൂടുമ്ബോള്‍ അന്വേഷണ പുരോഗതി കോടതിയെ അറിയിക്കണം. പ്രതികളെ പൊലീസ് സംരക്ഷിക്കാന്‍ ശ്രമിക്കുന്നതടക്കമുള്ള ആരോപണങ്ങളും ഹര്‍ജിയില്‍ യുവതി ചൂണ്ടിക്കാണിച്ചിരുന്നു. ഇക്കാര്യങ്ങളും പരിശോധിക്കാനും കോടതി നിര്‍ദ്ദേശം നല്‍കി. പീഡന നടന്നതായി പറയുന്ന സ്ഥലം കണ്ടെത്താന്‍ പരാതിക്കാരിക്ക് കഴിഞ്ഞില്ലെന്ന് കേസ് പരിഗണിക്കുന്നതിനിടെ അന്വേഷണ സംഘം കോടതിയില്‍ പറഞ്ഞിരുന്നു. സ്ഥലം കണ്ടെത്തേണ്ടത് പൊലീസിന്‍റെ ചുമതലയാണെന്ന് കോടതി വാക്കാല്‍ പരാമര്‍ശം നടത്തുകയും ചെയ്തിരുന്നു.