തൃശൂര്‍: വടക്കാഞ്ചേരി പീഡനക്കേസിലെ പരാതിക്കാരിയുടെ മൊഴിയെടുത്തു. അന്വേഷണ ഉദ്യോഗസ്ഥയായ എ എസ് പി പൂങ്കുഴലി കൊച്ചിയിലെത്തിയാണ് മൊഴിയെടുത്തത്. എ എസ് പി പൂങ്കുഴലിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചതിന് തൊട്ടുപിന്നാലെയാണ് പരാതിക്കാരിയുടെ മൊഴിയെടുത്തത്. കേസിന്‍റെ മുന്‍കാല രേഖകളും മൊഴിപ്പകര്‍പ്പുകളും പ്രത്യേക സംഘം പ്രാഥമികമായി കഴിഞ്ഞ ദിവസം പരിശോധിച്ചിരുന്നു. ആദ്യം കേസന്വേഷിച്ച വടക്കാഞ്ചേരി പൊലീസ് സിപിഎം കൗണ്‍സിലര്‍ ജയന്തനടക്കമുളള പ്രതികള്‍ക്കെതിരായ തന്റെ മൊഴി വളച്ചൊടിച്ചെന്നും തെളിവുകള്‍ ഇല്ലാതാക്കിയെന്നും അന്വേഷണം അവസാനിപ്പിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നുമാണ് പരാതിക്കാരി ആരോപിച്ചത്. ഈ സാഹചര്യത്തില്‍ പുതിയ മൊഴി ആദ്യമുതല്‍ രേഖപ്പെടുത്തുകയായിരുന്നു പ്രത്യേക അന്വേഷണ സംഘം ചെയ്തത്. ഇപ്പോഴത്തെ മൊഴിയും മുന്‍കാല മൊഴിയും വിശദമായി പരിശോധിച്ചശേഷമാകും തുടര്‍ നടപടികള്‍. പരാതിക്കാരിയില്‍ നിന്ന് ഏതെങ്കിലും കാര്യങ്ങള്‍ വ്യക്തത വേണമെങ്കില്‍ തുടര്‍ മൊഴി രേഖപ്പെടുത്തും. എന്നാല്‍ കേസ് അട്ടിമറിക്കാന്‍ ആസൂത്രിത നീക്കമാണ് നടക്കുന്നതെന്നും മറ്റൊരു അന്വേഷണ സംഘത്തെ നിയമിക്കണമെന്നുമാവശ്യപ്പെട്ട് അനില്‍ അക്കര എം എല്‍എയും രംഗത്തെത്തി.