പത്തനംതിട്ട : ശബരിമലയില്‍ ആചാരം ലംഘിച്ചതിന് ആര്‍എസ്‌എസ് നേതാവ് വത്സന്‍ തില്ലങ്കേരി പരിഹാരപൂജ ചെയ്തിട്ടില്ലെന്ന് ദേവസ്വം ബോര്‍ഡ്. പരിഹാര പൂജയ്ക്ക് തുക ഈടാക്കാറുണ്ടെന്നും വത്സന്‍ തില്ലങ്കേരി അത് ചെയ്തിട്ടില്ലെന്നും ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ചിത്തിര ആട്ട വിശേഷ നാളില്‍ ഇരുമുടി കെട്ടില്ലാതെ പതിനെട്ടാം പടി ചവിട്ടിയതും പടിയില്‍ പുറം തിരിഞ്ഞ് നിന്നതും ആചാര ലംഘനമാണെന്ന് വിവാദം ഉയര്‍ന്ന സാഹചര്യത്തിലായിരുന്നു തില്ലങ്കേരിയുടെ വിശദീകരണം.
ആചാരലംഘനം ഉണ്ടായെന്ന് തന്ത്രിക്ക് ബോധ്യപ്പെട്ടാല്‍ അക്കാര്യം ദേവസ്വം ബോര്‍ഡിനെ അറിയിക്കുകയാണ് പതിവ്. തുടര്‍ന്ന് പൂജാസമയങ്ങളില്‍ മാറ്റം വരുത്തി പരിഹാര പൂജ ചെയ്യും. ശ്രീകോവിലിന് സമീപം ബൂട്ടിട്ട് പൊലീസ് ഉദ്യോഗസ്ഥര്‍ കയറിയതില്‍ ശുദ്ധിക്രിയ നടത്തിയതും ഇതേ രീതിയിലായിരുന്നുവെന്നും എക്‌സിക്യൂട്ടീവ് ഓഫീസര്‍ വ്യക്തമാക്കി.