വന്ദേഭാരത് എക്സ്‌പ്രസ് ട്രെയിനില്‍ ടിക്കറ്റ് നിരക്ക് കുറയാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. പക്ഷേ കേരളത്തിലെ യാത്രക്കാര്‍ക്ക് ആശ്വസിക്കാനുള്ള വകയില്ലെന്നാണ് സൂചന
യാത്രക്കാരുടെ എണ്ണം കുറവുള്ള പാതകളില്‍ സര്‍വ്വീസുകളെ കൂടുതല്‍ ജനകീയമാക്കാൻ വേണ്ടിയാണ് നിരക്ക് കുറയ്ക്കുന്നതിനുള്ള നീക്കം. എന്നാല്‍ യാത്രക്കാരുടെ എണ്ണത്തില്‍ രാജ്യത്ത് തന്നെ ഒന്നാം സ്ഥാനത്ത് തന്നെയുള്ള കേരളത്തിലെ വന്ദേഭാരത് സര്‍വ്വീസുകള്‍ക്ക് ഈ നിരക്കിളവ് ബാധകമായേക്കില്ല
മറ്റ് പാതകളിലെ ഒക്യുപെന്‍സി കണക്കുകള്‍ :
മുംബൈ സെന്‍ട്രല്‍ ഗാന്ധിനഗര്‍ – 129
വാരണാസി ന്യൂദില്ലി- 128
ന്യൂദില്ലി വാരണാസി- 124
ഡെറാഡൂണ്‍ അമൃത്സര്‍- 105
മുംബൈ ഷോളപൂര്‍ -111
ഷോളപൂര്‍- മുംബൈ – 104
ഹൌറ ജല്‍പൈഗുരി -108
ജല്‍പൈഗുരി ഹൌറ – 103
പാട്ന റാഞ്ചി – 125
റാഞ്ചി പാട്ന -127
അജ്മീര്‍ ദില്ലി – 60
ദില്ലി അജ്മീര്‍ -83
കഴിഞ്ഞ ദിവസം റെയില്‍വേ പുറത്ത് വിട്ട കണക്കുകളുടെ അടിസ്ഥാനത്തില്‍ വന്ദേ ഭാരത് ട്രെയിനുകളിലെ യാത്രക്കാരുടെ എണ്ണത്തില്‍ രാജ്യത്ത് കേരളമാണ് ഒന്നാമത് ഉള്ളത്. രാജ്യത്ത് ആകമാനം 23 ജോടി വന്ദേഭാരത് ട്രെയിനുകളാണ് സര്‍വ്വീസ് നടത്തുന്നത്. ഇവയില്‍ കാസര്‍ഗോഡ് തിരുവനന്തപുരം വന്ദേഭാരതിന്‍റെ ഒക്യുപെന്‍സി 183 ശതമാനമാണ്. തിരുവനന്തപുരം കാസര്‍ഗോഡേയ്ക്കുള്ള വന്ദേഭാരതിലെ ശരാശരി ഒക്യുപെന്‍സി 176 ശതമാനവുമാണ്.
യാത്രക്കാരുടെ എണ്ണത്തില്‍ തൊട്ട് പിന്നാലെയുള്ള ഗാന്ധി നഗര്‍ മുംബൈ വന്ദേഭാരതിന്റെ ഒക്യുപെന്സി 134 ശതമാനം മാത്രമാണ്. ഇടയ്ക്കുള്ള ദൂരങ്ങളില്‍ ഇറങ്ങുന്നതടക്കമുള്ള യാത്രക്കാരുടെ മൊത്തം കണക്കിനെ അടിസ്ഥാനമാക്കിയാണ് ഒക്യുപെന്‍സി വിലയിരുത്തുന്നത്.