സ്ത്രീകളെ അപമാനിച്ച അഭിഭാഷകര്‍ക്കെതിരെ നടപടി വേണം : വനിതാ കമ്മിഷന്‍

167

തിരുവനന്തപുരം• നഗരത്തില്‍ ഏതാനും വനിതാ മാധ്യമപ്രവര്‍ത്തകരുടെ ചിത്രം പതിച്ച്‌ അവര്‍ക്ക് അപകീര്‍ത്തികരമായ കാര്യങ്ങള്‍ എഴുതി ബോര്‍ഡുകള്‍ സ്ഥാപിച്ച സംഭവം സ്ത്രീകളെ മോശമായി ചിത്രീകരിക്കല്‍ നിരോധന നിയമപ്രകാരം ഗൗരവമായിക്കണ്ടു നടപടി സ്വീകരിക്കാന്‍ സര്‍ക്കാരിനും ഡിജിപിക്കും നിര്‍ദ്ദേശം നല്‍കുമെന്ന് കേരള വനിതാക്കമ്മിഷന്‍ അധ്യക്ഷ കെ.സി. റോസക്കുട്ടി പറഞ്ഞു.
തിരുവനന്തപുരത്തെ വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ഒരുകൂട്ടം അഭിഭാഷകര്‍ നല്‍കിയിരിക്കുന്ന പരാതി വ്യാജമാണെന്നുകണ്ടാല്‍ അതു പിന്‍വലിക്കാന്‍ നടപടി സ്വീകരിക്കുമെന്നും അവര്‍ അറിയിച്ചു. തിരുവനന്തപുരം റസ്റ്റ് ഹൗസ് ഹാളില്‍ കമ്മിഷന്റെ മെഗാ അദാലത്തിനുശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അവര്‍. സംഭവവുമായി ബന്ധപ്പെട്ട് മനോരമ ന്യൂസിലെ ജസ്റ്റീന തോമസും ഏഷ്യാനെറ്റ് ന്യൂസിലെ സി.പി.അജിതയും സംസ്ഥാന വനിതാ കമ്മിഷന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, എഡിജിപി ബി.സന്ധ്യ എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു. തിരുവനന്തപുരം അഭിഭാഷക ഐക്യത്തിന്റെ പേരില്‍ ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് തലസ്ഥാനത്ത് പോസ്റ്റര്‍ സ്ഥാപിച്ചത്.
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ കുറയ്ക്കാന്‍ വിഭാവനം ചെയ്ത ജാഗ്രതാ സമിതികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും വേണ്ടത്ര സജീവവും കാര്യക്ഷമവും അല്ലെന്ന് റോസക്കുട്ടി പറഞ്ഞു. ജാഗ്രതാ സമിതികള്‍ വ്യവസ്ഥാപിതമാക്കാന്‍ പഞ്ചായത്തീരാജ് നിയമം ഭേദഗതി ചെയ്ത് മുന്‍സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നെങ്കിലും അതു നിയമസഭയില്‍ അവതരിപ്പിച്ചു പാസാക്കാന്‍ കഴിഞ്ഞില്ല. ഇതാണു ജാഗ്രതാസമിതികള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള തടസം. ഇക്കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തി എത്രയും വേഗം നിയമം പാസാക്കാന്‍ ആവശ്യപ്പെടും. ജാഗ്രതാസമിതി സംബന്ധിച്ച പരിശീലനങ്ങളും മറ്റുമായി കമ്മിഷന്‍ മുന്നോട്ടുപോകുകയാണെന്നും അവര്‍ പറഞ്ഞു.ഓരോ വര്‍ഷവും 7000നും 8000നും ഇടയില്‍ പരാതികള്‍ കമ്മിഷന് കിട്ടുന്നുണ്ട്. പരാതികള്‍ വര്‍ധിക്കുന്നതിന്റെ പ്രധാനകാരണം സ്ത്രീകളില്‍ നിയമബോധം വളരുന്നതാണെന്നും കമ്മിഷന്‍ വിലയിരുത്തി.

NO COMMENTS

LEAVE A REPLY