വര്‍ധ ചുഴലിക്കാറ്റ്; മരിച്ചവരുടെ എണ്ണം പത്തായി

192

ചെന്നൈ• തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളില്‍ വീശിയടിച്ച വര്‍ധ ചുഴലിക്കാറ്റ് സംസ്ഥാനത്തു വന്‍ നാശം വിതച്ചു. കനത്ത കാറ്റിലും മഴയിലും തമിഴ്നാട്ടില്‍ 10 പേര്‍ മരിച്ചതായി ദേശീയ ദുരന്തനിവാരണ സേന അറിയിച്ചു. ചെന്നൈയില്‍ നാലും കാഞ്ചീപുരത്തും തിരുവള്ളൂരിലും രണ്ടും വില്ലുപുരത്തും നാഗപട്ടണത്തും ഒരാള്‍ വീതവുമാണു മരിച്ചത്. അതേസമയം, ചെന്നൈ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുനരാരംഭിച്ചു. ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂര്‍ എന്നിവിടങ്ങളിലെ സര്‍ക്കാര്‍, സ്വകാര്യ സ്കൂളുകള്‍, കോളജുകള്‍ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇന്നും അടഞ്ഞുകിടക്കും. ചെന്നൈയിലടക്കം റോഡുകളില്‍ മരങ്ങള്‍ കടപുഴകി വീണു ഗതാഗതം തടസപ്പെട്ടു. കെട്ടിടങ്ങള്‍ക്കും വാഹനങ്ങള്‍ക്കും വൈദ്യുതിലൈനുകള്‍ക്കും വ്യാപകമായി നാശനഷ്ടമുണ്ടായി. നഗരത്തില്‍നിന്ന് കേരളത്തിലേക്ക് അടക്കമുള്ള 17 ട്രെയിനുകള്‍ ഇന്നലെ റദ്ദാക്കിയിരുന്നു. സബര്‍ബന്‍ ട്രെയിനുകളും ഓടിയിരുന്നില്ല. റോഡ് ഗതാഗതവും ഏതാണ്ട് പൂര്‍ണമായും സ്തംഭിച്ചു. ഒരു ഘട്ടത്തില്‍ മണിക്കൂറില്‍ 130-150 കിലോമീറ്റര്‍ വേഗതയില്‍ ആഞ്ഞടിച്ച കാറ്റിന്റെ തീവ്രത വൈകുന്നേരത്തോടെ 15-25 കിലോമീറ്ററായി കുറഞ്ഞു. ചുഴലിക്കാറ്റ് ചെന്നൈ നഗരം കടന്നുപോയെങ്കിലും കാറ്റും മഴയും വീണ്ടും ശക്തിപ്പെടാന്‍ സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. കണ്‍ട്രോള്‍ റൂം നമ്ബര്‍: തമിഴ്നാട് – 044 593990, ആന്ധ്ര – 0866 2488000

NO COMMENTS

LEAVE A REPLY