ലഹരിക്കെതിരെ എക്‌സൈസ്, വിദ്യാഭ്യാസം, ആരോഗ്യം, പോലീസ് വകുപ്പുകൾ ചേർന്ന് വിപുലമായ പ്രചാരണം സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അന്താരാഷ്ട്ര മയക്കുമരുന്ന് ലഹരിവിരുദ്ധദിനം സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കുട്ടികൾ ലഹരിമാഫിയയുമായി ബന്ധപ്പെടുന്നുണ്ടോ എന്ന് നിരീക്ഷിക്കാനുള്ള സംവിധാനം ഉണ്ടാകണം എന്ന് മുഖ്യമന്ത്രി പറഞ്ഞു.
മാഫിയകൾ കുട്ടികളെത്തെന്നെ കാരിയർമാരായി ഉപയോഗിക്കുന്നുണ്ട്. ആൺകുട്ടികൾ മാത്രമല്ല, പെൺകുട്ടികളും ലഹരിക്കിരയാവുന്നു. ഇക്കാര്യത്തിൽ നല്ല ജാഗ്രതവേണം. ഇതിൽ അധ്യാപകർക്കുള്ള പങ്ക് വലുതാണ്. അതോടൊപ്പം സ്‌കൂളുകളുടെ പരിസരം ഒരുതരത്തിലും ലഹരിവസ്തുക്കൾക്ക് കടക്കാൻ കഴിയാത്ത അവസ്ഥയിലാക്കണം. നാടിന്റെ പ്രതീക്ഷകളും ഭാവിവാഗ്ദാനങ്ങളുമായ വിദ്യാർഥികളെയും യുവാക്കളെയുമാണ് നാടിന്റെ ഭാവി തകർക്കണമെന്ന് ആഗ്രഹിക്കുന്നവർ ലക്ഷ്യം വെക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
നമുക്ക് ഒരു ലഹരിമുക്തകേരളമാണ് ആവശ്യം. അത് നമ്മുടെ ഭാവിയുടെ പ്രശ്‌നമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
അമിതമായ ലാഭപ്രതീക്ഷയുമായി എത്തുന്ന കഴുകൻകണ്ണുകളിൽനിന്ന് വിദ്യാർഥികൾക്കു രക്ഷാകവചം തീർക്കുമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണൻ പറഞ്ഞു. വിദ്യാർഥികൾ എന്തെങ്കിലും വിധത്തിൽ ലഹരിക്കടിപ്പെട്ടാൽ ശിക്ഷയിലൂടെ അവരെ പിന്തിരിപ്പിക്കാനാവില്ല. അവരെ തിരുത്തിക്കൊണ്ടുവരാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
പൊതുവിദ്യാഭ്യാസമന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് മുഖ്യാതിഥിയായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു, എക്‌സൈസ് കമ്മിഷണർ എസ്. അനന്തകൃഷ്ണൻ, സൗത്ത് സോൺ ജോയിന്റ് കമ്മിഷണർ കെ.എ.ജോസഫ് തുടങ്ങിയവർ സംസാരിച്ചു. നാഷണൽ സർവീസ് സ്‌കീം പ്രോഗ്രാം കോ-ഓർഡിനേറ്റർ ഡോ. ജേക്കബ് ജോൺ വിദ്യാർഥികൾക്ക് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ലഹരിവിരുദ്ധപ്രവർത്തനത്തിലുള്ള മികവിന് സന്നദ്ധസംഘടനകൾക്കും സന്നദ്ധപ്രവർത്തകർക്കും വിദ്യാലയങ്ങൾക്കുമുള്ള പുരസ്‌കാരങ്ങൾ മുഖ്യമന്ത്രി വിതരണം ചെയ്തു. എക്‌സൈസ് ഉദ്യോഗസ്ഥർക്കുള്ള പുരസ്‌കാരങ്ങൾ എക്‌സൈസ് മന്ത്രി വിതരണം ചെയ്തു.