കാസര്‍കോട് വികസനപാക്കേജില്‍ ഉള്‍പ്പെടുത്തി ജില്ലയിലെ വിവിധ ആരോഗ്യകേന്ദ്രങ്ങള്‍ ആര്‍ദ്രം നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായി തൈക്കടപ്പുറം പ്രൈമറി ഹെല്‍ത്ത് സെന്റര്‍ പുതിയ ബ്ലോക്ക് നിര്‍മ്മാണത്തിന് ഭരണാനുമതിയായി. 1.30 കോടി രൂപയാണ് പദ്ധതിയ്ക്കായി വകയിരുത്തിയിട്ടുള്ളത്. നീലേശ്വരം മുനിസിപ്പാലിറ്റി വിഹിതമായി 25 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.
ബാക്കി 105 ലക്ഷം രൂപ കാസര്‍കോട് വികസന പാക്കേജില്‍ നിന്നും ലഭ്യമാകും. 1.30 കോടി രൂപ അടങ്കലില്‍ നിര്‍മ്മിക്കുന്ന ഇരുനില കെട്ടിടത്തില്‍ 2 ഒ.പി മുറികള്‍, ഒബ്‌സര്‍വേഷന്‍ മുറികള്‍, ഡെന്റല്‍ ഒ.പി, സ്‌പെഷ്യല്‍ ഒ.പി, ഒ.പി രജിസ്‌ട്രേഷന്‍ കൗണ്ടര്‍, ഡ്രസ്സിംഗ് റും, ലാബ്, ബ്രസ്റ്റ് ഫീഡിംങ് റൂം, ഫാര്‍മസി തുടങ്ങിയ എല്ലാവിധ സൗകര്യങ്ങളും ഉണ്ടാകും. പുതിയ ബ്ലോക്ക് നിര്‍മ്മാണത്തോടൊപ്പം പ്രത്യേകം വേസ്റ്റ് മാനേജ്‌മെന്റ് സംവിധാനവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കാസര്‍കോട് വികസന പാക്കേജ് ജില്ലാതല കമ്മിറ്റിയാണ് പദ്ധതിക്ക് അംഗീകാരം നല്‍കിയത്. യോഗത്തില്‍ സ്‌പെഷ്യല്‍ ഓഫീസര്‍ ഇ പി രാജമോഹന്‍,കെട്ടിട വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ മുഹമ്മദ് മുനീര്‍ വി.പി, ഫിനാന്‍സ് ഓഫീസര്‍ കെ.സതീശന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.