തിരുവനന്തപുരം : പൊതുവിദ്യാഭ്യാസ മേഖലയിൽ വിപ്ലവത്തിന് തിരികൊളുത്തി പാറശാല മണ്ഡലം. മണ്ഡലത്തിലെ ആറു സ്കൂളുകളിലെ വിവിധ പദ്ധതികൾ പൊതുവിദ്യാഭാസ മന്ത്രി വി.ശിവൻകുട്ടി ഇന്ന് ( ജൂൺ 15) ഉദ്ഘാടനം ചെയ്യും. വെള്ളറട ജി.യു.പി.എസ്, പാറശ്ശാല ഗവ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, മൈലച്ചൽ ജി.എച്ച്.എസ്.എസ് എന്നീ സ്കൂളുകളിൽ പുതിയ മന്ദിരങ്ങളുടെ നിർമ്മാണോദ്‌ഘാടനവും പെരുങ്കടവിള എൽ.പി.ബി.എസ്, പാറശാല ടൗൺ എൽ പി എസ്, ആലത്തോട്ടം ജി എൽ പി എസ് എന്നീ സ്കൂളുകളിൽ പുതിയ മന്ദിരങ്ങളുടെ ഉദ്ഘടനവുമാണ് മന്ത്രി നിർവഹിക്കുക. ചടങ്ങിൽ സി.കെ ഹരീന്ദ്രൻ എം എൽ എ അധ്യക്ഷത വഹിക്കും.
പൊതു വിദ്യാഭ്യാസ വകുപ്പിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു കോടി രൂപ അടങ്കലിലാണ് പെരുങ്കടവിള ഗവ.എൽ.പി.ബി.സ്കൂളിൽ പുതിയ മന്ദിരം പണിതുയർത്തിയത്. പാറശ്ശാല ഗ്രാമപഞ്ചായത്തിലെ ഗവ. എൽ.പി.ജി സ്കൂളിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ 2022-2023 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 50 ലക്ഷം രൂപ ചെലവിലാണ് പുതിയ കെട്ടിടത്തിന്റെ പണി പൂർത്തീകരിച്ചത്. 50 ലക്ഷം രൂപ ചെലവിലാണ് പാറശ്ശാല ഗ്രാമപഞ്ചായത്തിലെ ഗവ.എൽ.പി.എസ് ആലത്തോട്ടം സ്കൂളിൽ പുതിയ മന്ദിരം പണിതത്.
കിഫ്ബി ഫണ്ടിൽ ഉൾപ്പെടുത്തിയാണ് ആര്യൻകോട് ഗ്രാമ പഞ്ചായത്തിലെ മൈലച്ചൽ ഹയർസെക്കന്ററി സ്കൂളിൽ പുതിയ ബഹുനില കെട്ടിടം പണിയുന്നത്. ഒരു കോടി 36 ലക്ഷം രൂപയാണ് ബജറ്റ്. വെള്ളറട ഗവ യു.പി സ്കൂളിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു കോടി രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടം പണിയുന്നത്. പാറശാല ഗവ:ഹയർ സെക്കന്ററി സ്കൂളിൽ പുതിയ ബഹുനില മന്ദിരം പണിയുന്നതിനായി 3.90 കോടി രൂപയുമാണ് ബജറ്റ്.