തിരുവനന്തപുരം : ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്തില്‍ ബ്ലോക്ക് റിസോഴ്‌സ് സെന്റര്‍, ജനകീയ ഭൂഗര്‍ഭ ജല പരിപോഷണ ക്യാമ്പയിന്‍ പ്രവര്‍ത്തനം എന്നിവയ്ക്ക് തുടക്കമിട്ടു. നിരവധി പേര്‍ക്ക് തൊഴില്‍ പരിശീലനം നല്‍കാനും ബ്ലോക്ക് പഞ്ചായത്ത് പദ്ധതികള്‍ പൊതുജനങ്ങളിലെത്തിക്കാനും സഹായകമാകുന്ന ബ്ലോക്ക് റിസോഴ്‌സ് സെന്ററിന്റെ ഉദ്ഘാടനം സംസ്ഥാന ആസൂത്രണ ബോര്‍ഡംഗം ഡോ.ഹരിലാല്‍ നിര്‍വഹിച്ചു.
ബ്ലോക്കിലെ ഭൂഗര്‍ഭജല നിരപ്പ് ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെ രൂപം നല്‍കുന്ന ‘ജലസുരക്ഷ-ജീവസുരക്ഷ’ ജനകീയ ഭൂഗര്‍ഭജല പരിപോഷണ ക്യാമ്പയിന്റെ പ്രവര്‍ത്തനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ഷൈലജാബീഗം ഉദ്ഘാടനം ചെയ്തു.
ആറ്റിങ്ങല്‍ ഗവ. പോളിടെക്‌നിക്കിന്റെ സഹായത്തോടെ കമ്മ്യൂണിറ്റി ഡവലപ്‌മെന്റ് ത്രൂ പോളിടെക്‌നിക് (സി.ഡി.റ്റി.പി) എന്ന സ്‌കീമില്‍ ഉള്‍പ്പെടുത്തി പ്ലംബിംഗ്, ഇലക്ട്രിക്കല്‍ വയറിംഗ്, വെല്‍ഡിംഗ് എന്നീ കോഴ്‌സുകളില്‍ നടത്തിയ സൗജന്യ തൊഴില്‍ പരിശീലന പരിപാടിയില്‍ പങ്കെടുത്തവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണോദ്ഘാടനം എം.ജി.എന്‍.ആര്‍.ഇ.ജി.എസ് സംസ്ഥാന മിഷന്‍ ഡയറക്ടര്‍ എല്‍. പി ചിത്തര്‍ നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. സുഭാഷ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.