വരുമാനം വെളിപ്പെടുത്താന്‍ അവസരമൊരുക്കുന്ന വരുമാന പ്രഖ്യാപന പദ്ധതിയുമായി ആദായ നികുതി വകുപ്പ്.

264

കൊച്ചി • മുന്‍ വര്‍ഷങ്ങളിലോ ഈ വര്‍ഷമോ മുഴുവന്‍ നികുതിയും അടയ്ക്കാത്തവര്‍ക്കു വരുമാനം വെളിപ്പെടുത്താന്‍ അവസരമൊരുക്കുന്ന വരുമാന പ്രഖ്യാപന പദ്ധതിയുമായി ആദായ നികുതി വകുപ്പ്. 2015-16 സാമ്ബത്തിക വര്‍ഷമോ അതിനു മുന്‍പോ ആര്‍ജിച്ച അപ്രഖ്യാപിത വരുമാനം വെളിപ്പെടുത്തി നിയമ നടപടികളില്‍ നിന്നൊഴിവാകാം. വെളിപ്പെടുത്തുന്ന അപ്രഖ്യാപിത ആസ്തികള്‍ക്ക് ഈ വര്‍ഷം ജൂണ്‍ ഒന്ന് അടിസ്ഥാനമാക്കിയുള്ള വിപണി വിലയാകും നിശ്ചയിക്കുക. വെളിപ്പെടുത്തുന്ന വ്യക്തി അപ്രഖ്യാപിത വരുമാനത്തിന്റെ 45% നികുതിയായി അടയ്ക്കണം. ഒക്ടോബര്‍ മുപ്പതിനകം വരുമാനം വെളിപ്പെടുത്തി നവംബര്‍ മുപ്പതിനകം നികുതിയടയ്ക്കണം.ഓണ്‍ലൈന്‍ മുഖേനയോ അധികാര പരിധിയിലുള്ള ആദായ നികുതി പ്രിന്‍സിപ്പല്‍ കമ്മിഷണര്‍ക്കോ കമ്മിഷണര്‍ക്കോ നിര്‍ദിഷ്ട ഫോമില്‍ അപേക്ഷ നല്‍കാം. ഇത്തരത്തില്‍ വെളിപ്പെടുത്തുന്ന ആസ്തികള്‍ ധനനികുതിയില്‍ നിന്ന് ഒഴിവാക്കും. വെളിപ്പെടുത്തിയ ആസ്തികളെക്കുറിച്ചു സൂക്ഷ്മ പരിശോധനയോ അന്വേഷണമോ നടത്തില്ല. പ്രോസിക്യൂഷന്‍ നടപടികളില്‍ നിന്നും ഒഴിവാക്കും. പ്രത്യേക വ്യവസ്ഥകള്‍ പ്രകാരം ബെനാമി ഇടപാടു തടയല്‍ ചട്ടത്തില്‍ നിന്നും ഒഴിവാക്കും. വില കുറച്ചു കാണിച്ചതോ കണക്കില്‍പ്പെടാതെയോ ഉള്ള സ്ഥലം, കെട്ടിടം എന്നിവ ഉള്‍പ്പെട്ട വരുമാനം കണക്കില്‍പ്പെടാത്ത വരുമാനത്തില്‍പ്പെടും. ഇന്ത്യയിലെ താമസക്കാര്‍ എന്‍ആര്‍ഐ പദവി തെറ്റായി കാണിച്ചു വരുമാനം വെളിപ്പെടുത്താതിരിക്കുന്നതും പ്രവാസികള്‍ ഇന്ത്യയിലെ വരുമാനം വെളിപ്പെടുത്താതിരിക്കുന്നതും അപ്രഖ്യാപിത വരുമാനമായി കണക്കാക്കും. സഹകരണ ബാങ്കുകള്‍, പോസ്റ്റ് ഓഫിസ്, ട്രഷറി, ചിട്ടി നിക്ഷേപം, ആഭരണങ്ങള്‍ തുടങ്ങിയ വരുമാനവും വെളിപ്പെടുത്തിയില്ലെങ്കില്‍ കണക്കില്‍പ്പെടാത്തതായി പരിഗണിക്കും.കേരളം, മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ ജനങ്ങള്‍ക്കു പദ്ധതി പ്രകാരം മുന്‍ വര്‍ഷങ്ങളിലെ വെളിപ്പെടുത്താത്ത വരുമാനം പ്രഖ്യാപിക്കാമെന്നു ആദായ നികുതി പ്രിന്‍സിപ്പല്‍ ചീഫ് കമ്മിഷണര്‍ അറിയിച്ചു. വിവരങ്ങള്‍ക്ക്: www.incometaxindia.gov.in
Dailyhunt

NO COMMENTS

LEAVE A REPLY