മേള കാണാൻ ഇന്നുകൂടി അവസരം, രാവിലെ 10ന് പ്രവേശനം ആരംഭിക്കും
കനകക്കുന്നിൽ നടക്കുന്ന പൂക്കളുടെ മഹോത്സവം കാണാൻ ഇന്നു പകൽ കൂടി അവസരം. പത്തു നാൾ കനകക്കുന്നിനെ പറുദീസയാക്കിയ വസന്തോത്സവത്തിന് ഇന്നു (ജനുവരി 20) കൊടിയിറങ്ങും. പതിനായിരക്കണക്കിനു സന്ദർശകരാണ് പൂക്കളുടെ മഹാമേള കാണാൻ ഓരോ ദിവസവും കനകക്കുന്നിലേക്ക് ഒഴുകിയെത്തിയത്.
സസ്യലോകത്തെ അതിമനോഹര പുഷ്പങ്ങളും അത്യപൂർവ ചെടികളുംകൊണ്ടു സുന്ദരമാണ് വസന്തോത്സവ നഗരിയായ കനകക്കുന്നും പരിസരവും. മേള സമാപിക്കുന്ന ഇന്ന് അവധി ദിനംകൂടിയായതിനാൽ പതിവിലുമേറെ സന്ദർശകർ എത്തുമെന്നാണു പ്രതീക്ഷ. വസന്തോത്സവത്തിൽ പ്രദർശിപ്പിച്ച എല്ലാ പുഷ്പങ്ങളും പൂച്ചെടികളും അതേപടി ഇന്നും ആസ്വദിക്കാൻ അവസരമുണ്ട്. കനകക്കുന്നിന്റെ പ്രവേശ കവാടത്തിൽ തുടങ്ങി സൂര്യകാന്തിയിൽ അവസാനിക്കുന്ന വഴിയുടെ ഇരു വശങ്ങളിലും കനകക്കുന്ന് കൊട്ടാരത്തിന്റെ ചുറ്റിലുമായാണു പതിനായിരക്കണക്കിനു വർണപ്പൂക്കളും ചെടികളും പ്രദർശനത്തിനുവച്ചിരിക്കുന്നത്.
ഓർക്കിഡുകൾ, ആന്തൂറിയം, ഡാലിയ, വിവിധ നിറങ്ങളിലും രൂപത്തിലുമുള്ള ജമന്തിപ്പൂക്കൾ, റോസ്, അലങ്കാരച്ചെടികൾ, കള്ളിമുള്ള് ഇനങ്ങൾ, അഡീനിയം, ബോൺസായ് തുടങ്ങിയവയാണു പ്രധാന ആകർഷണം. സ്‌കൂൾ വിദ്യാർഥികളടക്കം നിരവധി പേരാണ് ഇന്നലെ മേള കാണാനെത്തിയത്. വൈകിട്ടു സൂര്യകാന്തി ഓഡിറ്റോറിയത്തിൽ നടന്ന പുഷ്പരാജ – പുഷ്പറാണി മത്സരവും ആസ്വാദകരുടെ മനംകവർന്നു.
വസന്തോത്സവം സമാപിക്കുന്ന ഇന്ന് രാവിലെ പത്തിന് കനകക്കുന്നിലേക്കു പ്രവേശനം ആരംഭിക്കും. പ്രവേശന ടിക്കറ്റുകൾ കനകക്കുന്നിൽ ഒരുക്കിയിരിക്കുന്ന സംസ്ഥാന സഹകരണ ബാങ്കിന്റെ കൗണ്ടറുകൾ വഴി ലഭിക്കും. അഞ്ചു വയസ് വരെയുള്ള കുട്ടികൾക്കു ടിക്കറ്റ് വേണ്ട. അഞ്ചു മുതൽ 12 വയസ് വരെയുള്ളവർക്ക് 20ഉം 12നു മേൽ പ്രായമുള്ളവർക്ക് 50 രൂപയുമാണു ടിക്കറ്റ് നിരക്ക്.
ഇന്നു മുതൽ (ജനുവരി 20) ടൂറിസം വകുപ്പ് കനകക്കുന്നിൽ സംഘടിപ്പിക്കുന്ന നിശാഗന്ധി നൃത്തോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിൽവച്ച് വസന്തോത്സവത്തിലെ വിവിധ മത്സരങ്ങളിൽ വിജയികളായവർക്കുള്ള പുരസ്‌കാരങ്ങൾ വിതരണം ചെയ്യും. വൈകിട്ട് 6.15ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടി ഗവർണർ പി. സദാശിവം ഉദ്ഘാടനം ചെയ്യും. വസന്തോത്സവം മാധ്യമ പുരസ്‌കാരങ്ങളും ചടങ്ങിൽ വിതരണം ചെയ്യും.