തിരുവനന്തപുരം : 1.95 ലക്ഷം വോട്ടർമാർ
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വട്ടിയൂർക്കാവ് മണ്ഡലത്തിൽ മാത്രമായിരിക്കും പെരുമാറ്റച്ചട്ടം ബാധകമാകുകയെന്ന് ജില്ലാ ഇലക്ഷൻ ഓഫീസർ കൂടിയായ കളക്ടർ കെ.ഗോപാലകൃഷ്ണൻ പത്രസമ്മേളനത്തിൽ പറഞ്ഞു. തലസ്ഥാന ജില്ലയായതിനാലാണ് ജില്ലയിൽ പൂർണമായി പെരുമാറ്റച്ചട്ടം ഏർപ്പെടുത്താത്തത്.
വട്ടിയൂർക്കാവിൽ 1,95,601 വോട്ടർമാരുണ്ട്. ഇതിൽ 1,02,252 പേർ സ്ത്രീകളും 93,347 പേർ പുരുഷന്മാരുമാണ്. ഭിന്നലിംഗക്കാർ രണ്ട് പേരുണ്ട്. സർവീസ് വോട്ടർമാർ 375. 168 പോളിംഗ് ബൂത്തുകളാണ് മണ്ഡലത്തിലുള്ളത്. ഇതിൽ പ്രശ്നസാധ്യതാ ബൂത്തുകൾ 36.
എല്ലാ ബൂത്തുകളിലും ആദ്യഘട്ട പരിശോധന കഴിഞ്ഞതായി കളക്ടർ അറിയിച്ചു. പെരുമാറ്റച്ചട്ടം കർശനമായി പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. പെരുമാറ്റച്ചട്ടം സംബന്ധിച്ച നോഡൽ ഓഫീസറായി അസിസ്റ്റന്റ് കളക്ടർ അനുകുമാരിയെ ചുമതലപ്പെടുത്തി. ലാന്റ് റവന്യൂ കമ്മിഷണറേറ്റിലെ അസിസ്റ്റന്റ് കമ്മിഷണർ ജിയോ.ടി. മനോജാണ് റിട്ടേണിംഗ് ഓഫീസർ. എൽ.എ, ഇന്റർനാഷണൽ എയർപോർട്ട് സ്പെഷ്യൽ തഹസിൽദാറാണ് അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർ. ജില്ലയിലെ രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ യോഗവും കളക്ടറേറ്റിൽ ചേർന്നു.