തിരുവനന്തപുരം: വട്ടിയൂർക്കാവ് നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ 62.66 ശതമാനം പോളിങ്. 168 ബൂത്തുകളിലായാണ് മണ്ഡലത്തിൽ വോട്ടെടുപ്പ് നടന്നത്. വോട്ടെടുപ്പ് പൂർത്തിയാക്കി ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ വോട്ടെണ്ണൽ കേന്ദ്രമായ പട്ടം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂളിലെ സ്‌ട്രോങ് റൂമുകളിലേക്ക് ഉടൻ എത്തിക്കും. 24നാണ് വോട്ടെണ്ണൽ.
ആകെ 1,97,570 വോട്ടർമാരാണ് വട്ടിയൂർക്കാവ് നിയമസഭാ മണ്ഡലത്തിലുള്ളത്. ഇതിൽ 1,23,804 പേർ സമ്മതിദാനാവകാശം വിനിയോഗിച്ചു. വോട്ടവകാശം വിനിയോഗിച്ചവരിൽ 61,209 പേർ പുരുഷന്മാരും 62,594 പേർ സ്ത്രീകളും ഒരാൾ ട്രാൻസ്‌ജെൻഡറുമാണ്.
2019-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 69.34 ശതമാനമായിരുന്നു വട്ടിയൂർക്കാവ് നിയമസഭാ മണ്ഡലത്തിലെ പോളിങ്. ആകെയുണ്ടായിരുന്ന 1,95,601 വോട്ടർമാരിൽ 1,35,623 പേർ അന്ന് വോട്ട് ചെയ്തു. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ആകെയുണ്ടായിരുന്ന 1,94,344 സമ്മതിദായകരിൽ 1,35,720 പേർ വോട്ട് രേഖപ്പെടുത്തി. 69.83 ആയിരുന്നു അന്ന് പോളിങ് ശതമാനം.
ഇന്നു വോട്ടെടുപ്പ് നടന്ന 168 പോളിങ് ബൂത്തുകളിൽനിന്നുമുള്ള ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ, വോട്ടെണ്ണൽ കേന്ദ്രമായ പട്ടം സെന്റ് മേരീസ് സ്‌കൂളിൽ ഒരുക്കിയിട്ടുള്ള അതിസുരക്ഷാ സ്‌ട്രോങ് റൂമിൽ വച്ച് പൂട്ടി സീൽ ചെയ്യും. വരണാധികാരിയുടേയും തെരഞ്ഞെടുപ്പ് നിരീക്ഷകരായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ നിയോഗിച്ചിട്ടുള്ള ഒബ്‌സർവർമാരുടേയും സാന്നിധ്യത്തിലാകും സ്‌ട്രോങ് റൂമുകൾ സീൽ ചെയ്യുന്നത്. ഇത് ഇനി വോട്ടെണ്ണൽ ദിനമായ 24ന് രാവിലെ എട്ടിനേ തുറക്കൂ. അതുവരെ കേന്ദ്ര സേനയുടേയും സംസ്ഥാന പൊലീസിന്റെയും ശക്തമായ സുരക്ഷാ നിരീക്ഷണത്തിലാകും സ്‌ട്രോങ് റൂമുകൾ.