തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ കൃഷിഭവനുകള്‍ക്ക് കീഴിലും തെരഞ്ഞെടുക്കപ്പെട്ട ദേശീയപാതയോരങ്ങളിലും സെപ്തംബര്‍ ഒന്‍പത് മുതല്‍ 13 വരെ സര്‍ക്കാര്‍ ഓണചന്തകള്‍ നടത്തും. മുന്‍ വര്‍ഷങ്ങളില്‍ ഏതാനും കൃഷിഭവനുകള്‍ക്ക് കീഴില്‍ മാത്രം നടത്തിയിരുന്ന ഓണചന്തകളാണ് ഇത്തവണ എല്ലായിടത്തേക്കും വ്യാപിപ്പിച്ചത്.ദേശീയപാതയോര വിപണികള്‍ നടത്തുന്നതും ഇതാദ്യമായാണ്. രാവിലെ ഒന്‍പത് മുതല്‍ വൈകീട്ട് ആറു വരെ ചന്തകളില്‍ നിന്ന് പച്ചക്കറി വാങ്ങാം. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൃഷിഭവനുകളുള്ള മലപ്പുറത്താണ് ഇക്കുറി ഏറ്റവും കൂടുതല്‍ ഓണചന്തകളുണ്ടാകുക. മലപ്പുറത്ത് മൊത്തം 130 കേന്ദ്രങ്ങളില്‍ ഈ ഓണത്തിന് ചന്തകളുണ്ടാകും.സംസ്ഥാനത്തിന് പുറത്തു നിന്ന് ശീതകാല പച്ചക്കറികള്‍ എത്തിച്ച് വിതരണം ചെയ്യാന്‍ ഹോര്‍ട്ടികോര്‍പിന്റെ സ്റ്റാളുകളുണ്ടാകും. ഇതിനു പുറമേ സംസ്ഥാനത്തെ കര്‍ഷകരില്‍ നിന്ന് സംഭരിക്കുന്ന ജൈവ പച്ചക്കറികള്‍ ലഭ്യമാക്കാനായി ഓണചന്തകളില്‍ ഫാം ഫ്രെഷ് കേരള സ്റ്റാളുകളുമുണ്ടാകും.
മാര്‍ക്കറ്റ് വിലയേക്കാള്‍ 10 ശതമാനം അധിക തുക കേരള കര്‍ഷകര്‍ക്ക് നല്‍കി സര്‍ക്കാര്‍ വാങ്ങുന്ന പച്ചക്കറികള്‍ വിപണി വിലയേക്കാള്‍ 30 ശതനാനം കുറവില്‍ ഗുണഭോക്താക്കള്‍ക്ക് നല്‍കും. കര്‍ഷകരില്‍ നിന്ന് പച്ചക്കറികള്‍ ശേഖരിച്ച് സംഭരിക്കുന്നതിനും വിപണനം നടത്തുന്നതിനും ആവശ്യമായ സജ്ജീകരണങ്ങളൊരുക്കാന്‍ ഓരോ കൃഷിഭവനുകള്‍ക്കും 60,000 രൂപ വീതം മുന്‍കൂറായി അനുവദിച്ചിട്ടുണ്ട്. ഈ വര്‍ഷം ഓണം മുന്നില്‍ കണ്ട് കൃഷിഭവനുകള്‍ എല്ലാ സ്ഥലങ്ങളിലും സ്വാശ്രയ സംഘങ്ങള്‍ വഴിയും വ്യക്തികള്‍ വഴിയും പച്ചക്കറി കൃഷി നടത്തിയിരുന്നു.
എല്ലാ സ്ഥലങ്ങളിലും മികച്ച വിളവാണ് ലഭിച്ചത്. കഴിഞ്ഞ ഓണക്കാലത്ത് ഇടുക്കി ജില്ലയിലെ വട്ടവട, കാന്തല്ലൂര്‍, മറയൂര്‍ ഭാഗത്ത് കാബേജ് ഉള്‍പെടെ പച്ചക്കറികള്‍ ഒരു രൂപ നിരക്കില്‍ പോലും തമിഴ്നാട് ലോബി വാങ്ങി 25 രൂപ നിരക്കില്‍ കേരളത്തിലെ മാര്‍ക്കറ്റുകളില്‍ എത്തിച്ചിരുന്നു. ഇത് ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതല്‍ കൂടിയാണ് കൃഷിഭവന്റെ ചന്തകള്‍.
എല്ലാ സ്ഥലങ്ങളിലും കര്‍ഷകരില്‍ നിന്ന് കൃഷിഭവന്‍ ഉദ്യോഗസ്ഥര്‍ നേരിട്ട് എത്തി പച്ചക്കറികള്‍ ശേഖരിക്കും. വിഷം നിറഞ്ഞ തമിഴ്നാട് പച്ചക്കറികള്‍ വിപണിയില്‍ നിന്ന് ഒഴിവാക്കുക എന്ന ലക്ഷ്യവുമുണ്ട്. എല്ലാ സ്ഥലത്തും കൃഷി ഓഫീസര്‍മാര്‍ മുഖ്യ ചുമതലക്കാരായി നടപടി ആരംഭിച്ച് കഴിഞ്ഞു. കൃഷി കുറവുള്ള സ്ഥലങ്ങളില്‍ സമീപ പ്രദേശത്തെ കര്‍ഷകരില്‍ നിന്ന് പച്ചക്കറികള്‍ ശേഖരിച്ച് വില്‍പന നടത്താനാണ് കൃഷിവകുപ്പിന്റെ തീരുമാനം.