മോട്ടോര്‍വാഹനവകുപ്പില്‍ വിവാദസര്‍ക്കുലര്‍ വീണ്ടും : വാഹനങ്ങള്‍ ഇഷ്ടാനുസരണം രൂപമാറ്റം വരുത്താന്‍ അനുമതി

223

ആലപ്പുഴ: മോട്ടോര്‍വാഹനവകുപ്പില്‍ വിവാദസര്‍ക്കുലര്‍ വീണ്ടും. ഏതുതരത്തിലുള്ള വാഹനങ്ങളും ഇഷ്ടാനുസരണം രൂപമാറ്റം വരുത്തുവാന്‍ അനുമതി നല്‍കിക്കൊണ്ടുള്ളതാണ് സര്‍ക്കുലര്‍. എന്നാല്‍ ഉത്തരവ് സര്‍ക്കാര്‍ സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടില്ല.

രൂപമാറ്റം വരുത്തേണ്ട വാഹനം ‘സ്‌പെഷലി ഡിസൈന്‍ഡ് വെഹിക്കിള്‍’ എന്ന ഗണത്തില്‍പെടുത്തി മാറ്റംവരുത്താമെന്നാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ ഇറക്കിയിരിക്കുന്ന ഉത്തരവില്‍ പറഞ്ഞിരിക്കുന്നത്. അതിനായി ബന്ധപ്പെട്ട ചട്ടങ്ങളിലും നികുതിഘടനയിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഇതു പ്രകാരം ഏത് ചെറിയ വാഹനവും വലിയ വാഹനവും ഉപഭോക്താവിന്റെ ഇഷ്ടാനുസരണം രൂപമാറ്റം വരുത്തുവാന്‍ സാധിക്കും.

മോട്ടോര്‍വാഹനചട്ടങ്ങളുടെയും റോഡ്‌സുരക്ഷയുടെയും ലംഘനമാണ് പുതിയ ഉത്തരവ് എന്നാണ് ആക്ഷേപം. ഹൈക്കോടതി ഉത്തരവുകളെപ്പോലും വെല്ലുവിളിച്ചാണ് വാഹനങ്ങളുടെ രൂപമാറ്റത്തിന് അനുമതി നല്‍കിയിരിക്കുന്നത്. ലോറി ക്രെയിന്‍ ആക്കുന്നതിനും മറ്റും ഒട്ടേറെ അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്. പുതിയ ക്രെയിന്‍ വാങ്ങുന്നതിന് 20 ലക്ഷത്തിന് മുകളില്‍ രൂപയാകും. എന്നാല്‍, പഴയ ലോറിയില്‍ ക്രെയിന്‍ ഘടിപ്പിക്കുന്നതിന് പരമാവധി രണ്ടുലക്ഷം രൂപ മതിയാകുമെന്നാണ് പറയുന്നത്. നിലവില്‍ ഇതിനായി അപേക്ഷ നല്‍കിയവര്‍ക്കുവേണ്ടിയാണ് സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നതെന്നാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്. ജൂലായ് 17 മുതല്‍ ഇത് നടപ്പാക്കണമെന്നും ഉത്തരവില്‍ പറയുന്നു.
മോട്ടോര്‍വാഹനചട്ടം 103 പ്രകാരം പരിശോധനകള്‍ക്കും അന്വേഷണങ്ങള്‍ക്കുംശേഷം രൂപമാറ്റം വരുത്തുവാന്‍ കഴിയുമെന്നാണ് ഉത്തരവിലൂടെ പറയുന്നത്. എന്നാല്‍ ചട്ടം 103ല്‍ വാഹനത്തിന്റെ അടിസ്ഥാനഘടനയെ മാറ്റാതെയും റോഡ്‌സുരക്ഷയെ ബാധിക്കാതെയും ചെറിയ മാറ്റങ്ങള്‍ വരുത്താമെന്നു മാത്രമാണ് അനുശാസിക്കുന്നത്.

ഇരുചക്രവാഹനങ്ങള്‍ രൂപമാറ്റം വരുത്തുന്നവരുടെ രജിസ്‌ട്രേഷന്‍ സസ്‌പെന്‍ഡ് ചെയ്യണമെന്നുകാട്ടി കുറച്ചുനാളുകള്‍ക്ക് മുമ്പുമാത്രമാണ് മോട്ടോര്‍വാഹനവകുപ്പ് സര്‍ക്കുലര്‍ ഇറക്കിയത്. ഇത്തരത്തിലുള്ള ഇരുചക്രവാഹനങ്ങള്‍ കര്‍ശനമായി പരിശോധിക്കണമെന്നും പിടിക്കപ്പെട്ടാല്‍ നടപടിയെടുത്തതിനുശേഷം വാഹനം പൂര്‍വ്വസ്ഥിതിയിലേക്ക് ആക്കണമെന്നും ഉത്തരവിട്ടിരുന്നു. അതേ വകുപ്പുതന്നെയാണ് ഗൂഢലക്ഷ്യവുമായി മറ്റൊരു സര്‍ക്കുലറുമായി രംഗത്തെത്തിയിരിക്കുന്നത്.

NO COMMENTS

LEAVE A REPLY